‘എമ്പുരാൻ’ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് മുംബൈ ഇൻഓർബിറ്റ് മാളിലെ ഇനോക്സ് മെഗാപ്ലെക്‌സിൽ; ആഗോള റിലീസ് മാർച്ച് 27 ന്

March 21, 2025

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ്റെ’ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് ഇന്ന് മുംബൈയിൽ വെച്ച് നടന്നു. മുംബൈ മലാഡിൽ ഉള്ള ഇൻഓർബിറ്റ് മാളിലെ ഇനോക്സ് മെഗാപ്ലെക്‌സിൽ വെച്ച് നടന്ന ചടങ്ങിൽ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, രചയിതാവ് മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, നിർമ്മാതാവ് ഗോകുലം ഗോപാലൻ, ഗോകുലം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, നോർത്ത് ഇന്ത്യ വിതരണക്കാരായ എ എ ഫിലിംസ് ഉടമ അനിൽ തടാനി, ഗോകുലം ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത് നായർ എന്നിവർ പങ്കെടുത്തു. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വെളുപ്പിന് 12.30- ഓടെ ഓൺലൈനിൽ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മാർച്ച് 27 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കും. ചിത്രത്തിൻ്റെ ഓവർസീസ് ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു.ആദ്യമായാണ് മലയാളത്തിലെ ഒരു ചിത്രത്തിൻ്റെ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്. മീഡിയക്ക് വേണ്ടി ഐമാക്സ് ഫോർമാറ്റിൽ ആണ് ട്രെയ്‌ലർ പ്രദർശിപ്പിച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

Read more:കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ

2019 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന ‘എമ്പുരാൻ’ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്.

Story highlights- Empuran IMAX trailer launch