ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

March 3, 2025

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച മഞ്ജുളാൽ തറയും വെങ്കലത്തിൽ തീർത്ത പുതിയ ഗരുഡ ശില്പവും സമർപ്പിച്ചു.(Producer Venu Kunnappilly dedicated renovated Manjulal thara and new Garuda sculpture to Guruvayur)

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് സമർപ്പണം നടന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം ഏവരെയും അറിയിച്ച വേണു കുന്നപ്പിള്ളി, സമർപ്പണ സമയത്തെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.

അവിടെ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് വേണു കുന്നപ്പിള്ളി കുറിച്ച വാക്കുകൾ- “ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ, നവീകരിച്ച മഞ്ജുളാൽ തറയുടേയും, പുതിയ വെങ്കലത്തിൽ തീർത്ത ഗരുഡ ശില്പത്തിന്റേയും സമർപ്പണവുമായിരുന്നു ഇന്നലെ…ലക്ഷോപലക്ഷം ജനങ്ങൾ കടന്നുപോകുന്ന കിഴക്കേ നടയിൽ, ഭക്തജനങ്ങളെ സ്വാഗതം ചെയ്ത് നിൽക്കുന്ന സിമന്റില്‍ തീർത്ത ഗരുഡ ശിൽപ്പത്തെ കാണാത്ത ഭക്തർ കുറവായിരിക്കും…ഏകദേശം അരനൂറ്റാണ്ട് പഴക്കമുള്ള ആ പ്രതിമയെ മാറ്റിയാണ് ,5000 കിലോക്ക് മേലെയുളള ഈ ഗരുഡ ശില്പം സ്ഥാപിച്ചത്. ഈ തലമുറയിലും, വരാനിരിക്കുന്ന കോടാനുകോടി ഭക്തർക്ക് മുന്നിലും തലയുയർത്തി നിൽക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നിൽ സമർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും, അനുഗ്രഹമായാണ് കരുതുന്നത്. ഞാനിതിൽ ഒരു നിമിത്തമായെന്നു മാത്രം. ഭഗവാൻ ഏൽപ്പിച്ച ഒരു ജോലി ഞാൻ പൂർത്തീകരിച്ചു. മുൻജന്മ സുകൃതമോ, അച്ഛനമ്മമാരുടെ സത്പ്രവർത്തിയോ മറ്റോ കൊണ്ടായിരിക്കാമിത്. തിരുസന്നിധിയിൽ ഇന്നലെ എത്തിച്ചേരുകയും, സമർപ്പണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹങ്ങൾ ഉണ്ടാകും… ശ്രീ ഗുരുവായൂരപ്പനു മുന്നിൽ ഞങ്ങളുടെ സ്രാഷ്ടാംഗ പ്രണാമം..”.

Read also:വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

‘മാമാങ്കം’, ‘ആഫ്റ്റർ മിഡ്നൈറ്റ്’, ‘മാളികപ്പുറം’, ‘2018’ , ‘ചാവേർ’, ‘ആനന്ദ് ശ്രീബാല’ എന്നിവ നിർമ്മിച്ച വേണു കുന്നപ്പിള്ളിയുടെ ഏറ്റവും പുതിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആസിഫ് അലി- ജോഫിൻ ചിത്രമായ ‘രേഖാചിത്ര’മാണ്. മലയാളത്തിൽ നിർമ്മാതാവായി എത്തി 5 വർഷം കൊണ്ട് ‘മാളികകപ്പുറം’, ‘2018’ , ‘രേഖാചിത്രം’ എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം കമ്പനിക്ക് സാധിച്ചു.

Story highlights- Producer Venu Kunnappilly dedicated renovated Manjulal thara and new Garuda sculpture to Guruvayur