ചരിത്ര നേട്ടവുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്; വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ

ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത് ഡോൾബി അറ്റ്മോസ് തിയേറ്റർ മിക്സ് ഫെസിലിറ്റിയുടെ ലോഞ്ച് ചിങ്ങം 1ന് ആണ് നടന്നത്. ഓണക്കാലത്ത് റിലീസിന് എത്തിയ കല്യാണി പ്രിയദർശൻ – നസ്ലിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ലോക’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഡോൾബി അറ്റ്മോസ് തിയേറ്റർ മിക്സ് ആണ് നവീകരിച്ച ശേഷം സൗത്ത് സ്റ്റുഡിയോസിൽ ആദ്യമായി നടന്നത്. നവീകരണ ഉദ്ഘാടന ചടങ്ങിൽ പ്രധാന അതിഥിയായി എത്തിയ സൗത്ത് ഇന്ത്യയിലെ തന്നെ പ്രസിദ്ധനായ സൗണ്ട് ഡിസൈനർ എം.ആർ രാജാകൃഷ്ണൻ സൗത്ത് സ്റ്റുഡിയോസിന് കൊടുത്ത വാക്കാണ് ഈ നേട്ടത്തിന് ഒരു പ്രധാന കാരണം. ‘ലോക’ എന്ന ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ച് വൻ വിജയമായപ്പോൾ ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിന്റെ മേന്മയെ പറ്റിയും വിദഗ്ധർ ആധികാരികമായി ചർച്ച ചെയ്തത് ശ്രദ്ധേയമാണ്.
‘ലോക’ യുടെ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ സൗത്ത് സ്റ്റുഡിയോസിന്റെ കിരീടത്തിൽ ഇതാ മറ്റൊരു പൊൻതൂവൽ കൂടി, ഇന്ത്യൻ സിനിമയുടെ തന്നെ എല്ലാ റെക്കോർഡുകളും ദിനംപ്രതി തകർത്തു കൊണ്ടിരിക്കുന്ന ‘കാന്താര ചാപ്റ്റർ -1’എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയമാണ് അതിന് കാരണം. ‘കാന്താര ചാപ്റ്റർ 1’-ന്റെ 5 ഭാഷകളിലെ( മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, )സൗണ്ട് മിക്സിങ് ആണ് സൗത്ത് സ്റ്റുഡിയോസ് നിർവ്വഹിച്ചത്. ഡോൾബി അറ്റ്മോസ് ആയി നവീകരിച്ച ശേഷം ചെയ്ത രണ്ട് ചിത്രങ്ങളും ചരിത്രത്തിൽ ഇടം നേടിയതിന്റെയും 2025ലെ ദേശീയ അവാർഡിൽ ‘അനിമൽ’ എന്ന ഹിന്ദി ചിത്രത്തിന് പ്രത്യേക മെൻഷൻ അവാർഡ് കരസ്ഥമാക്കിയ സൗണ്ട് ഡിസൈനർ എം.ആർ രാജാ കൃഷ്ണനെ ആദരിക്കൽ ചടങ്ങിന്റെ ആഘോഷവും സൗത്ത് സ്റ്റുഡിയോസിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.
Read also- ഹൊറർ കോമഡി ത്രില്ലറാവാൻ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’; റിലീസ് ഒക്ടോബർ 24 ന്
സൗത്ത് സ്റ്റുഡിയോസിന്റെയും മാജിക് ഫ്രെയിംസിന്റെയും സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ, മലയാളികളുടെ പ്രിയങ്കരിയായ നടി ലെന, യുവ നായകനിരയിലേക്ക് എത്തിനിൽക്കുന്ന അഭിമന്യു ഷമ്മി തിലകൻ, സംവിധായകൻ അരുൺ വർമ്മ, തിരക്കഥാകൃത്ത് സഞ്ജയ്, എന്നിവർ ആഘോഷ ചടങ്ങിൽ സന്നഹിതരായിരുന്നു. നിലവിൽ മാത്യു തോമസ് നായകനായ ‘നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സൗത്ത് സ്റ്റുഡിയോസ് . ഇനിയും ശ്രവ്യാനുഭവത്തിന്റെ മനോഹാരിത പ്രേക്ഷകർക്ക് സമ്മാനിക്കാനും ചരിത്ര നേട്ടത്തിന്റെ ഭാഗമാകാനുമുള്ള മുന്നൊരുക്കത്തിലാണ് സൗത്ത് സ്റ്റുഡിയോസ്. വാർത്താ പ്രചരണം: ബ്രിങ്ഫോർത്ത്.
Story highlights: Listin Stephen’s South Studios achieves historic milestone