ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജ്

സഹോദരന്റെ മരണത്തിനു ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്. ശ്രീജിത്തിന്റെ പോരാട്ടങ്ങൾക്ക് ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.


‘അനുദിനം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടരിക്കുന്ന,നമ്മൾ വിലകല്പിക്കാത്ത മാനുഷിക മൂല്യങ്ങളെയാണ് നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത്.സത്യം കണ്ടെത്താനുള്ള ത്വരയാണത്.നുണകളോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്. നിങ്ങൾ നിങ്ങളുടെ കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കും ഇത് ചെയ്യുന്നത്.എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തെ നിങ്ങളുടെ പോരാട്ടത്തിലൂടെ, നിശബ്ദവും സമാധാനപരവുമായ സമരങ്ങൾ മറന്ന തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ.നന്ദി സഹോദരാ, നിങ്ങള്ക്ക് ചുറ്റുമുള്ള സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തിയതിന്.സത്യം തേടിയുള്ള യാത്രയിൽ നിങ്ങൾ വിജയം കൈവരിക്കുമാറാകട്ടെ.നിങ്ങൾ അർഹിക്കുന്ന നീതി ലഭിക്കുകവഴി നിങ്ങളിൽ നിന്നും അകന്നുപോയ്ക്കൊണ്ടിരിക്കുന്ന ശാന്തി നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തട്ടെ’ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു