ഒടുവിൽ ‘പൂമരം’ എത്തുന്നു; പ്രഖ്യാപനവുമായി കാളിദാസ് ജയറാം

ജയറാമിന്റെ മകൻ കാളിദാസ് ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന പൂമരം മാർച്ച് ആദ്യ വാരം തീയേറ്ററുകളിലെത്തും. ചിത്രത്തിലെ നായകനായ  കാളിദാസ് തന്നെയാണ് വിവരം പുറത്തു വിട്ടത്. മഞ്ചേരി എൻ എസ് എസ് കോളേജിൽ നടക്കുന്ന  കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവത്തിൽ അതിഥിയായെത്തിയപ്പോഴാണ് പൂമരം റിലീസിനെപ്പറ്റി കാളിദാസ് ജയറാം മനസ്സ് തുറന്നത്.

ഐബ്രിഡ്‌ ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസ് ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ജനഹൃദയങ്ങളിൽ  സൂപ്പർ ഹിറ്റാവുകയും കാളിദാസ് ജയറാമിന്റെ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ നൽകുകയും ചെയ്തു. എന്നാൽ പ്രേക്ഷകരെ നിരാശരാക്കികൊണ്ട് ചിത്രത്തിന്റെ  റീലീസ് നീണ്ടുപോവുകയായിരുന്നു.കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല..

കഴിഞ്ഞ ദിവസങ്ങളിലായി ഡബ്ബിങ്ങ് ജോലികൾ പൂർത്തിയാക്കിയ പൂമരം മാർച്ച് ആദ്യവാരം  തീയ്യേറ്ററുകളിലെത്തുന്നതോടെ മറ്റൊരു താരപുത്രൻ കൂടി മലയാള സിനിമയിലെ നായക പദവിയിൽ അരങ്ങേറ്റം കുറിക്കും.