‘ഇത് നമ്മുടെ ചരിത്രമാണ്…മലയാളത്തിലെ ഏറ്റവും വലിയ സിനിമയിലൂടെ ഈ ചരിത്രം പുനർജ്ജനിക്കും; മാമാങ്കത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

February 27, 2018

കോഴിക്കോട് സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും പടയാളികളുടെ ഘോരയുദ്ധത്തിന്റെ കഥ പറയുന്ന മാമാങ്കം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാമാങ്കം, 12 വർഷത്തിലൊരിക്കൽ തിരുനാവായ കടപ്പുറത്തു നടന്നുവന്നിരുന്ന രക്തകലുഷിതമായ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരവുമായാണ് പ്രേക്ഷകരുടെ മുൻപിലെത്തുക.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകാൻ തയ്യാറെടുക്കുന്ന മാമാങ്കത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി ചിത്രത്തിന്റെ പൂർണതക്കായി നടത്തുന്ന കഠിന പ്രയത്നങ്ങൾ വിശദീകരിച്ചുകൊണ്ട് അണിയറ പ്രവർത്തകരിൽ ഒരാളായഗോപകുമാർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മാമാങ്കത്തിന്‍റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ വേണു ചേട്ടന്‍ ആദ്യം പറഞ്ഞത് ബഡ്ജറ്റിനെ കുറിച്ചായിരുന്നില്ല, “നമ്മുടെ ചരിത്രമാണിത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മണ്മറഞ്ഞ ധീരയോദ്ധാക്കളുടെ ചോര കൊണ്ടെഴുതിയ ചരിത്ര കഥയാണ്, ഗ്ലാഡിയേറ്ററും, ട്രോയും, 300 ഉം പോലെ ലോക സിനിമയ്ക്ക് മുന്നിലേക്ക് വയ്ക്കാന്‍ കഴിയുന്ന ഒന്നാവണം നമ്മുടെ മാമാങ്കം.. സാങ്കേതിക തികവുകളോടെ തനിമ നഷ്ടപ്പെടുത്താതെ ആ കാലഘട്ടത്തെയും, അന്നത്തെ വീരനായകന്മാരെയും, ചോര ചിന്തിയ അവരുടെ പോരാട്ട വീര്യത്തെയുമെല്ലാം പുതിയ ടെക്നോളജിയുപയോഗിച്ച് ഏറ്റവും മികച്ച ദ്രിശ്യാനുഭവമാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്, നമ്മളിത് ചെയ്യും. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്..”

ജി കെ ഗോപകുമാറിന്റെ കുറിപ്പ് വായിക്കാം

മാമാങ്കം.. വേണു കുന്നപ്പിള്ളി

ബാഹുബലി പോലൊരു സിനിമ മലയാളത്തില്‍ സംഭവിക്കാതിരിക്കാന്‍ കാരണം നമ്മുടെ ചെറിയ മാര്‍ക്കറ്റാണ്, നിര്‍മ്മാണ ചിലവ് പത്തുകോടി കവിഞ്ഞാല്‍ പോലും മുടക്കുമുതല്‍ തിരിച്ചു പിടിക്കുകയെന്നത് നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുയര്‍ത്തുന്ന വിഷയമാണ്.

മാമാങ്കത്തിന്‍റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ വേണു ചേട്ടന്‍ ആദ്യം പറഞ്ഞത് ബഡ്ജറ്റിനെ കുറിച്ചായിരുന്നില്ല, “നമ്മുടെ ചരിത്രമാണിത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മണ്മറഞ്ഞ ധീരയോദ്ധാക്കളുടെ ചോര കൊണ്ടെഴുതിയ ചരിത്ര കഥയാണ്, ഗ്ലാഡിയേറ്ററും, ട്രോയും, 300 ഉം പോലെ ലോക സിനിമയ്ക്ക് മുന്നിലേക്ക് വയ്ക്കാന്‍ കഴിയുന്ന ഒന്നാവണം നമ്മുടെ മാമാങ്കം.. സാങ്കേതിക തികവുകളോടെ തനിമ നഷ്ടപ്പെടുത്താതെ ആ കാലഘട്ടത്തെയും, അന്നത്തെ വീരനായകന്മാരെയും, ചോര ചിന്തിയ അവരുടെ പോരാട്ട വീര്യത്തെയുമെല്ലാം പുതിയ ടെക്നോളജിയുപയോഗിച്ച് ഏറ്റവും മികച്ച ദ്രിശ്യാനുഭവമാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്, നമ്മളിത് ചെയ്യും. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്..”

വര്‍ഷങ്ങളായി വേണു ചേട്ടനെ അറിയുന്നത് കൊണ്ട് ഞെട്ടിയില്ല, സിനിമയായാലും ബിസിനസായാലും ഞാന്‍ ഏറ്റവുമധികം കാര്യങ്ങള്‍ പഠിച്ചിട്ടുള്ളത് അദ്ദേഹത്തില്‍ നിന്നാണ്, സൌഹൃദത്തിനപ്പുറം അതൊരു ഗുരു ശിഷ്യ ബന്ധം കൂടിയാണ്.

കര്‍ണന്‍റെ ഡിസ്കഷന്‍സ്‌ നടക്കുന്ന സമയത്താണ് എന്തോ കാര്യത്തിന് വേണു ചേട്ടനെ വിളിക്കുമ്പോള്‍ ദുബൈ നമ്പറില്‍ ആളില്ല, വാട്സാപ് ചെയ്തപ്പോള്‍ യുഎസിലാണെന്നു മറുപടി കിട്ടി. അല്‍പ്പ സമയത്തിനു ശേഷം തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ഞെട്ടി, ആള്‍ നില്‍ക്കുന്നത് ഒട്ടേറെ സൂപര്‍ഹിറ്റ് ഹോളിവുഡ് സിനിമകള്‍ക്ക് ജന്മം നല്‍കിയ യുഎസിലെ പ്രശസ്ത സ്റ്റുഡിയോയിലാണ്. ഉദ്ദേശം പഠനം തന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ആദരവ് കൂടി. ഏതെങ്കിലുമൊരു നിര്‍മ്മാതാവ് തന്‍റെ സിനിമയ്ക്ക് വേണ്ടി ഇത്രയധികം മുന്നൊരുക്കങ്ങളും പഠനങ്ങളും ലോകയാത്രകളും നടത്തുമോ എന്നത് സംശയമാണ്. അതാണ്‌ ശ്രീ.വേണു കുന്നപ്പിള്ളിയെന്ന ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ വേണു ചേട്ടന്‍.

സ്വപ്‌നങ്ങള്‍ വേണു ചേട്ടനിലൂടെ കടന്നു പോകുമ്പോള്‍ സാദ്യതകളുടെ അവസാനത്തെ ഉയരവും തൊട്ടിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ രഹസ്യം പറയാറുണ്ട്. അത് തമാശയല്ല, ചെയ്യുന്നത് സിനിമയായാലും പുതിയ ബിസിനസായാലും അതിനെക്കുറിച്ച് വിശദമായി പഠിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനും അതിന്‍റെ ഏറ്റവും മികച്ച റിസള്‍ട്ടിനു വേണ്ടി ലോകത്തിന്‍റെ ഏതറ്റത്തേക്കും യാത്രകള്‍ നടത്താനും തീരെ മടിയില്ലാത്തയാളാണ് വേണുച്ചേട്ടന്‍.

ഇരുപത് കോടി ബഡ്ജറ്റ് സിനിമയായാണ് കര്‍ണന്‍ ആദ്യ ഘട്ടത്തില്‍ കാവ്യാ ഫിലിംസിന് മുന്നിലെത്തുന്നത്. മഹാഭാരതത്തിലെ കര്‍ണന്‍ അതര്‍ഹിക്കുന്ന പ്രാധ്യാന്യത്തിലും സാങ്കേതിക തികവോടെയും സ്ക്രീനിലെത്തണമെങ്കില്‍ അത് പോരെന്നും ലോക സിനിമയിലെ ഏറ്റവും മികച്ച ടെക്നോളജിയും പ്രഗല്‍ഭരായ ടെക്നീഷ്യന്മാരും വരണമെന്നും അഭിപ്രായപ്പെട്ടതും ആ പ്രോജക്റ്റിനെ പിന്നീട് കണ്ട ബ്രഹ്മാണ്ട ലെവലിലേക്ക് ഉയര്‍ത്തിയതും വേണുചേട്ടനാണ്.
മാമാങ്കത്തിന് പിന്നില്‍ അണിനിരക്കുന്നവരും നിസ്സാരക്കാരല്ല, ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരടക്കം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ടെക്നീഷ്യന്‍മാര്‍ സിനിമയ്ക്ക് പിന്നിലുണ്ട്.

മലയാളത്തിന്‍റെ മെഗാ താരവും നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരവുമായ മമ്മൂക്ക തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായാണ് മാമാങ്കത്തെ വിശേഷിപ്പിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ അവസാനിക്കുമ്പോള്‍ ഞങ്ങളെ ഏറ്റവുമധികം അതിശയിപ്പിച്ചതും അദ്ദേഹം തന്നെയാണ്, ആക്ഷന്‍ രംഗങ്ങളില്‍ അദ്ധേഹത്തിന്‍റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് കാണുവാന്‍ പോകുന്നത്, അതിനായി അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങളും പരിശ്രമങ്ങളും കഠിനാധ്വാനവും അമ്പരപ്പിക്കുന്നതായിരുന്നു.

സജീവ്‌ പിള്ളയെന്ന പ്രതിഭാധനനായ സംവിധായകന്‍റെ, എഴുത്തുകാരന്‍റെ പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളുടെ കരുത്തുണ്ടാവും മാമാങ്കത്തിന്.

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ സിനിമ സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു കൂട്ടരാണ് നിര്‍മ്മാതാക്കള്‍, പണം മുടക്കുക എന്നതിലുപരിയായി സിനിമയുടെ ഓരോ ഘട്ടങ്ങളിലും ക്രിയാത്മകമായി ഇടപെട്ട് അതിനെ ഏറ്റവും മികച്ച ഒന്നാക്കാനുള്ള ഒരു ഇടപെടല്‍ അവരില്‍ നിന്നും ഉണ്ടാകാത്തതാണ് ഒരു കാരണം. ശ്രീ വേണു കുന്നപ്പിള്ളി വ്യത്യസ്തനാവുന്നതും ഇവിടെയാണ്.. ഇന്ത്യന്‍ സിനിമ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന നിര്‍മ്മാതാവായിരുക്കും അദ്ദേഹമെന്നത് ഞങ്ങള്‍ക്കുറപ്പാണ്.

ആഗോള ബിസിനസ് സാമ്രാജ്യതിനുടമ, എഴുത്തുകാരന്‍, യാത്രികന്‍, ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍.. എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. ഞങ്ങള്‍ക്ക് വേണു ചേട്ടനൊരു യൂണിവേഴ്സിറ്റിയാണ്..