വൈഎസ്ആറായി മമ്മൂട്ടി തെലുങ്കിലേക്ക്; വാർത്ത സ്ഥിതീകരിച്ച് സംവിധായകൻ..

March 21, 2018

മുൻ ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനെയെത്തുമെന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ചു. ചിത്രം സംവിധാനം ചെയ്യുന്ന മഹി വി രാഘവ് തന്നെയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിൽ വൈഎസ്ആറായി  മമ്മൂട്ടി എത്തുമെന്ന് പ്രഖ്യാപിച്ചത്. രണ്ടു തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന   വൈ എസ് രാജശേഖര റെഡ്ഢിയുടെ 1999 മുതൽ 2004 വരെയുള്ള കാലഘട്ടമാണ് ചിത്രം പറയുന്നത്.

2004 ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ് ആർ നേതൃത്വം നൽകിയ ഭീമൻ പദയാത്ര ചരിത്രത്തിലിടം നേടിയിരുന്നു. മൂന്നു മാസം കൊണ്ട് 1475 കിലോമീറ്റർ താണ്ടിയ പദയാത്ര ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.ചിത്രത്തിൽ നയൻ‌താര പ്രധാന  കഥാപാത്രമായെത്തുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ  മറ്റു കാസ്റ്റിങ്ങുകളെക്കുറിച്ചുള്ള വാർത്തകളെല്ലാം വെറും ഊഹങ്ങൾ മാത്രമാണെന്നും വൈ എസ് ആറായി മമ്മൂട്ടി എത്തുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുവെന്നും സംവിധായകൻ വെളിപ്പെടുത്തി.2009 ൽ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ വൈഎസ് ആർ ആന്ധ്രാ പ്രദേശിലെ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിൽ മനം നൊന്ത് നൂറിലധികം പേരാണ് ആന്ധ്രയിൽ ആത്മഹത്യ ചെയ്തത്.

മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അംഗീകാരമാണെന്നും ഈ ജൂണിൽ ഷൂട്ടിംഗ് ആരംഭിച്ച് 2019 ആദ്യം തന്നെ ചിത്രം തീയേറ്ററുകളിലെത്തിക്കാൻ ശ്രമിക്കുമെന്നും സംവിധായകൻ മഹി വി രാഘവ് കൂട്ടിച്ചേർത്തു.