പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറിയുടെ’ ട്രെയ്‌ലറുമായി മമ്മൂട്ടി..

പൃഥ്വിരാജ്, പാർവതി  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ യുടെ ട്രെയ്‌ലർ  പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തന്റെ ഫേസ്‍ബുക്കിലൂടെ പുറത്തിറക്കിയത്. വിവാദ പ്രസ്താവനയിലൂടെ ആരാധകരുടെ രോഷത്തിനിരയായ പാർവതി നായികയായെത്തുന്ന ചിത്രമെന്ന പേരിൽ  വ്യാപകമായ ഡിസ്‌ലൈക്കുകളാണ് മൈ സ്റ്റോറിയിലെ ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത്. എന്നാൽ അത്തരം മോശം പ്രവണതകൾ ആവർത്തിക്കാതിരിക്കാനാണ് മെഗാ സ്റ്റാർ മമ്മൂട്ടി തന്നെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടതെന്നാണ് വിവരം.

ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും  ഓ വി ദിനകറും ചേർന്നാണ് നിർമിക്കുന്നത്.പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം മാർച്ചിൽ തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.ഷാൻ റഹ്മണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.