ഭാര്യ സുപ്രിയക്കൊപ്പം നിർണായക പ്രഖ്യാപനവുമായി പൃഥ്വിരാജ്..!

March 9, 2018

സ്വന്തമായൊരു നിർമാണ കമ്പനിയുമായി  സിനിമാ നിർമാണ മേഖലയിലേക്ക്സൂപ്പർ താരം പൃഥ്വിരാജ് എത്തുന്നു. തന്റെ ഫേസ്ബുക് പേജിലൂടെ താരം തന്നെയാണ് പുതിയ നിർമ്മാണ സംരംഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.നേരെത്തെ ഷാജി നടേശൻ,ശങ്കർ രാമകൃഷ്ണൻ, തമിഴ് നടൻ ആര്യ എന്നിവർക്കൊപ്പം ചേർന്ന് ആഗസ്ററ് ഫിലിംസ് എന്ന നിർമ്മാണ സംരംഭത്തിൽ പങ്കാളിയായിരുന്നു പൃഥ്വിരാജ്. ഗ്രേറ്റ് ഫാദർ  ചിത്രം നിർമ്മിച്ചതിനു ശേഷം ആഗസ്റ്റ് ഫിലിംസിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ ഭാര്യ സുപ്രിയക്കൊപ്പമാണ് പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത്. എന്തുകൊണ്ട് പുതിയ ഒരു നിർമാണ സംരംഭവുമായി എത്തുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം വരും ദിവസങ്ങളിൽ നടത്താൻ പോകുന്ന പ്രഖ്യാപനങ്ങളിലൂടെ പ്രേക്ഷകർക്ക് മനസ്സിലാകുമെന്നും പൃഥ്വിരാജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം..

കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നു. ഇപ്പോൾ… അത് നിങ്ങളുമായി പങ്കുവയ്ക്കാൻ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിർമാണ കമ്പനി കൂടി!

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാൻ ഒരു വർഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിർമാണ മേഖലക്ക് ഒരു പുത്തൻ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങൾ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മൾ എങ്ങനെ ഒരു പടി കൂടുതൽ അടുക്കുന്നു?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തുടർന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എന്നെ ഞാൻ ആക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിർമാണ മേഖലയിലേക്ക് കടന്നു വന്നപ്പോൾ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി പറഞ്ഞു കൊണ്ട്,

സുപ്രിയയും ഞാനും അഭിമാനപൂർവം അവതരിപ്പിക്കുന്നു,
പൃഥ്വിരാജ് പ്രൊഡക്ഷൻസ്