‘തൊബാമയും അവഞ്ചേഴ്‌സും നാളെ റിലീസ് ആവുകയാണ്’..ചിരിപ്പിക്കുന്ന താരതമ്യവുമായി അൽഫോൻസ് പുത്രന്റെ ഫേസ്ബുക് പോസ്റ്റ്

നാളെ റിലീസാകുന്ന മലയാള ചിത്രം തൊബാമയേയും ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സിനെയും പറ്റി രസകരമായ താരതമ്യവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. അവേഞ്ചേഴ്‌സ് ചിത്രത്തിനായി റോബർട്ട് ഡൗണി ജൂനിയർ വാങ്ങുന്ന പ്രതിഫലത്തിന്റെ 80 ൽ ഒന്നു മാത്രമാണ് തൊബാമയുടെ മുഴുവൻ ബഡ്ജറ്റ് എന്ന് പറഞ്ഞു കൊണ്ടാണ് അൽഫോൺസ് പുത്രന്റെ ഫേസ്ബുക് പോസ്റ്റ്  ആരംഭിക്കുന്നത്. സൂപ്പർ ഹീറോകൾ ഇല്ലെങ്കിലും നല്ല ചങ്കുറപ്പുള്ള നടന്മാരുടെയും  അവരുടെ കഥാപാത്രങ്ങൾക്കായി നല്ലപോലെ കഷ്ടപ്പെട്ട ഒരുപാട് ആൾക്കാരുടെയും  സിനിമയാണ് തൊബാമയെന്നും  അൽഫോൻസ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി … പുതുമ പ്രതീക്ഷിക്കരുത് എന്ന് വാചകത്തോടെ അവസാനിക്കുന്ന പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീമും അൽഫോൻസ് പുത്രനും ചേർന്നൊരുക്കിയ ചിത്രമാണ് തൊബാമ.  മുഹ്‌സിൻ കാസിമാണ് ചിത്രത്തിന്റെ  സംവിധായകൻ. സിജു  വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ തോബാമയിലും വേഷമിടുന്നുണ്ട്.തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. ടി വി അശ്വതിയും മുഹ്‌സിൻ കാസിമും ചേർന്നാണ് തോബാമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.