‘കാട് ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടോ..?’ മമ്മൂട്ടി ചിത്രം ‘അങ്കിളി’ലെ ആദ്യ ഗാനം കാണാം


മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അങ്കിളി’ലെ ആദ്യ ഗാനം പുറത്തിറങ്ങി.. ഈറൻ മാറും എന്നു തുടങ്ങുന്ന ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ബിജിബാൽ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. കാടിന്റെ  വശ്യ ഭംഗി വർണ്ണിക്കുന്ന ഗാനത്തിന്റെ  വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

പ്രശസ്ത നടൻ ജോയ് മാത്യു തിരകകഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായാണ്  മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത്. കാർത്തിക മുരളീധരനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.17 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിൻറെയും കഥപറയുന്ന ചിത്രത്തിൽ മമ്മൂട്ടി തികച്ചും വ്യത്യസ്തമായ വേഷത്തിലാകും സ്‌ക്രീനിലെത്തുകയെന്നാണ് സംവിധായകൻ ഗിരീഷ് ദാമോദരൻ പറയുന്നത്.

കേരളത്തിലെ ഒരു ഇടത്തരം കുടുംബം നേരിടേണ്ടി വരുന്ന  അവിചാരിത സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ജോയ് മാത്യു തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും എന്നാൽ കാലിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.എന്നാൽ  മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം  നായകനാണോ വില്ലനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നാണ്  ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് ദാമോദരന്റെ പക്ഷം. ചിത്രം ഏപ്രിൽ 27 നു തീയേറ്ററുകളിൽ എത്തും.ഗാനം കാണാം