ഇന്ദ്രൻസിന് പുരസ്‌കാരം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ; ജൂറി ചെയർമാൻ ശേഖർ കപൂറിന്റെ വാക്കുകൾ കേൾക്കാം

 

ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ ഇന്ദ്രൻസ് ദേശീയ പുരസ്‌കാര നിർണ്ണയ വേളയിലും അവസാനം വരെ മത്സരിക്കാനുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ.. ആളൊരുക്കത്തിലെ ഇന്ദ്രൻസിന്റെ അഭിനയം അതി ഗംഭീരമായിരുന്നുവെന്നും നേരിയ വ്യതാസത്തിലാണ് ഇന്ദ്രൻസിന് പുരസ്‌കാരം നഷ്ടമായതെന്നുമാണ് 11 അംഗ പാനലിന്റെ ചെയർമാനായ ശേഖർ കപൂർ വാർത്താ സമ്മേളനത്തിൽ  പറഞ്ഞത്.

പ്രശസ്ത മാധ്യമ പ്രവർത്തകനായ വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിൽ  പപ്പു പിഷാരടി എന്ന ഓട്ടൻ തുള്ളൽ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തിയത്. മകനെ  നഷ്ട്ടപ്പെട്ട അച്ഛന്റെ അന്തഃ സംഘർഷങ്ങൾ അവിസ്മരണീയമായി അവതരിപ്പിച്ച അഭിനയ മികവിനാണ് സംസ്ഥാന സർക്കാർ ഇന്ദ്രന്സിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.എന്നാൽ ഇന്ദ്രന്‍സിന് പകരം നഗര്‍ കീര്‍ത്തന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പത്തൊന്‍പതുകാരനായ ബംഗാളി നടന്‍ റിഥി സെനന്നിനെയാണ് ദേശീയ പുരസ്‌കാര നിർണ്ണയ സമിതി  മികച്ച നടനായി തിരഞ്ഞെടുത്തത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കള്ളൻ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫാഹദ് ഫാസിലിന്റെ ആയാസരഹിതമായ അഭിനയ ശൈലി തന്നെ വിസ്മയിപ്പിച്ചുവെന്നും ശേഖർ കപൂർ പറഞ്ഞു. മലയാള ചലച്ചിത്രങ്ങൾ ഉന്നത നിലവാരം പുലർത്തിയെന്നു വിലയിരുത്തിയ ജൂറി ചെയർമാൻ ആമിര്ഖാനെപോലെ  പ്രതിഭയുള്ള നടനാണ് ഫഹദ് ഫാസിൽ എന്നും കൂട്ടിച്ചേർത്തു.