ആദ്യ ചിത്രം അമ്മയ്ക്ക് സമർപ്പിച്ച് ജാൻവി…’ധടക്’ ഇന്ന് തിയേറ്ററുകളിലേക്ക്,താരറാണിയുടെ മകൾക്ക് ആശംസകളുമായി സിനിമ ലോകം

ആദ്യ ചിത്രം അമ്മയ്ക്ക് സമർപ്പിച്ച് ജാൻവി. ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ‘ധടക്’ ഇന്ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ശശാങ്ക് ഖൈയ്ത്താര്‍  സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച  താരറാണിയായിരുന്നു  ശ്രീദേവി. അകാലത്തിൽ പൊലിഞ്ഞുപോയ ഇഷ്ട താരത്തിന്റെ മകളെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്. ധടകിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവി സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കടന്നു പോയത്.

ചിത്രത്തിൽ ജാൻവിയുടെ നായകനായി എത്തുന്നത് ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കിഷാനാണ്. കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈയത്താറിന്റെ ധടക്.

ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയുടെ ആദ്യ വീഡിയോ ഗാനം ’മെര്‍ഹമീസ ചാന്ദ് ഹേ തൂ’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. അമിതാബ് ഭട്ടാചാര്യ എഴുതിയ വരികള്‍ക്ക് അജയ്-അതുല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അജയ് ഗോഗാവാലെയും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ജാൻവിക്ക്‌ ആശംസകളുമായി നിരവധി സിനിമ പ്രവർത്തകരും ആരാധകരും എത്തിയിരിക്കുകയാണ്.