റിലീസിന് മുന്നേ ഇർഫാനുവേണ്ടി ‘കർവാന്റെ’ പ്രത്യേക പ്രദർശനം…

ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമര്‍ ബാധിച്ച്  ലണ്ടനിൽ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാനുവേണ്ടി കര്‍വാന്റെ പ്രത്യേക പ്രദര്‍ശനം നടത്തി. കർവാൻ  റിലീസിനു മുമ്പ് കാണണം എന്ന് ഇർഫാൻ  ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ലണ്ടനിലെ ഹെന്റി വുഡ് ഹൗസിൽ  ചിത്രം പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ എന്‍ഡോക്രെയ്ന്‍ എന്ന അസുഖം ഇർഫാൻ ഖാനെ ബാധിച്ചത്. താരം തന്നെയാണ് രോഗത്തെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സയുടെ ഭാഗമായി അദ്ദേഹം വിദേശത്തേക്ക് പോകുകയായിരുന്നു.

ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് കർവാൻ. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് കർവാൻ.   ഇർഫാൻ ഖാനൊപ്പം  മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.

പെർമെനന്റ്, റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ. അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാൻ ഇർഫാൻ ഖാനൊപ്പമെത്തുന്ന ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആഗസ്റ്റ് 3 ന് ചിത്രം തിയേറ്ററുകളിലെത്തും.