വിദ്യാബാലനും റാണ ദഗ്ഗുബതിക്കുമൊപ്പം വീണ്ടും ‘മഹാനടി’യായി കീർത്തി സുരേഷ്

ഒരു കാലത്ത് തമിഴ് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന സാവിത്രി എന്ന നടിയുടെ ജീവിത കഥ പറയുന്ന ചിത്രം മഹാനടിയിലൂടെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച കീർത്തത്തി സുരേഷ് വീണ്ടും സാവിത്രിയാകാൻ ഒരുങ്ങുന്നു. ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ചിത്രത്തിലൂടെ ആന്ധ്രാപ്രദേശിന്റെ പ്രിയപ്പെട്ട നായകനുമായിരുന്ന എൻ ടി രാമ റാവുവിന്റെ കഥ പറയുന്ന ചിത്രത്തിലാണ് കീർത്തി വീണ്ടും സാവിത്രിയായി എത്തുന്നത്.

എൻ ടി രാമ റാവുവിന്റെ കഥ പറയുന്ന നിരവധി സിനിമകൾ മുമ്പും ഇറങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ജീവിതകഥപറയുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ മകനും തമിഴ് സൂപ്പർസ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ്. ചിത്രത്തിൽ എൻ ടി രാമ റാവുവിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകൻ ചന്ദ്ര ബാബു നായിഡുവായി റാണ ദഗ്ഗുബതിയും പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തും.

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ സാവിത്രിയുടെ വേഷം അവതരിപ്പിച്ച കീർത്തി സുരേഷ് നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിൽ തമിഴകത്തിന്റെ ‘കാതൽ മന്നൻ’ എന്നു വിളിപ്പേരുള്ള ഇതിഹാസ നടൻ ജെമിനി ഗണേഷായി വേഷമിട്ടത് ദുൽഖർ സൽമാൻ ആയിരുന്നു.