പൃഥ്വിരാജിന്റെ ഏട്ടനായി മോഹൻലാൽ….

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നത് അത്ഭുതമാണെന്ന് പറഞ്ഞ് സൂപ്പർ സ്റ്റാർ  മോഹൻലാൽ. ‘വിസ്‌മയ ശലഭങ്ങൾ’ എന്ന മോഹൻലാലിന്റെ ബ്ലോഗിലാണ് താരം ഇക്കാര്യം കുറിച്ചത്. പൃഥ്വി ഒരു തിരക്കുള്ള നടനാണെന്നും എന്നിട്ടും ആ തിരക്കുകൾക്കിടയിലും അദ്ദേഹം സംവിധായക വേഷത്തിലെത്തുന്നത് സംവിധാനം അദ്ദേഹത്തിന്റെ പാഷൻ ആയതുകൊണ്ടാണെന്നും താരം ബ്ലോഗിൽ കുറിച്ചു. ഏട്ടൻ എൽ എന്ന ഹാഷ് ടാഗോടുകൂടി പൃഥ്വി തന്നെയാണ് ഫേസ്ബുക്ക് പേജിൽ മോഹൻലാലിൻറെ ബ്ലോഗ് പങ്കുവെച്ചത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൂസിഫറിനെ കുറിച്ചാണ് മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്. രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്  മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾക്കായി തൂലിക ചലിപ്പിച്ച മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് മലയാള പ്രേക്ഷകർ ലൂസിഫറിനെ കാത്തിരിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ചിത്രത്തിൽ നിർണായകമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽനേരത്തെ  പറഞ്ഞിരുന്നു. പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെട്ടത്.