‘പുലിമുരുകൻ’ ഹിന്ദിയിലേക്ക്; മുരുകനെ അന്വേഷിച്ച് സഞ്ജയ് ലീല ബൻസാലി

മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ‘പുലിമുരുകൻ’ ഇനി ബോളിവുഡിലേക്ക്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം പുലിമുരുകൻ ഇനി ഹിന്ദിയിലേക്കും. ബോളിവുഡിനെ ഇളക്കി മറിച്ച  പദ്മവത്, ദേവദാസ്, ബജ്റാവോ മസ്താനി, തുടങ്ങിയ സിനിമകളുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് പുലിമുരുകൻ ഹിന്ദിയിലേക്ക് എത്തിക്കുന്നത്.

 

മലയാളത്തിൽ കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായ ചിത്രം, ആദ്യമായി 100 കോടി കളക്ഷൻസ് റെക്കോർഡ് നേടിയ മലയാള ചിത്രമാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രം 25 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണനാണ്. ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന മുരുകൻ എന്ന കഥാപാത്രത്തെ ചുറ്റുപറ്റിയാണ് കഥ പുരോഗമിക്കുന്നുന്നത്.

മലയാളത്തിൽ ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സാംജിത് മുഹമ്മദാണ്. ഗോപി സുന്ദർ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന സിനിമ തിയേറ്ററിലെത്തി 30 ദിവസത്തിനുള്ളിൽ 105 കോടി രൂപ കളക്ഷൻസ് നേടിയിരുന്നു. ഹിന്ദിയിൽ തയാറാക്കാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ ഋത്വിക് റോഷൻ ആയിരിക്കും  അവതരിപ്പിക്കുക എന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അതേസമയം നായകനെ തീരുമാനിച്ചിട്ടില്ലായെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.