‘മൈ സ്റ്റോറി’ക്ക് ആശംസകളുമായി ബോളിവുഡ് താരം രൺബീർ സിങ്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘മൈ സ്റ്റോറി’ക്ക് ആശംസകളുമായി ബോളിവുഡ് താരം  രൺബീർ സിങ്. പൃഥ്വിരാജ് പാർവതി താരാജോഡികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 6 നായിരിക്കും തിയേറ്ററുകളിലെത്തുക. ഈ ദിവസം രൺബീറിനും ഏറെ പ്രിയപ്പെട്ട ദിവസമാണ്. സംവിധായക റോഷ്‌നി ദിനകറിനാണ് രൺബീർ ആശംസാ സാംന്ദേശം അയച്ചത്.

ജൂലൈ 6 എനിക്കേറെ പ്രിയപ്പെട്ട ദിവസമാണ്. കാരണം അന്നെന്റെ ജന്മദിനമാണ്. ഈ ദിവസം റോഷ്നിക്കും പ്രിയപ്പെട്ട ദിവസമാണല്ലോ,  റോഷ്‌നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൈ സ്റ്റോറി അന്നാണല്ലോ തിയേറ്ററിലെത്തുക. റോഷ്നിക്കും മൈ സ്റ്റോറി ടീമിനും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും രൺബീർ സന്ദേശത്തിൽ അറിയിച്ചു. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടുചെയ്തിരിക്കുന്നത് പോർച്ചുഗലിലാണ്.

ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും  ഓ വി ദിനകറും ചേർന്നാണ് നിർമിക്കുന്നത്. പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ്, പാർവതി താരജോഡികൾ ഒന്നിക്കുന്ന ചിത്രമാണ്. രണ്ടുവ്യത്യസ്ത കാലഘട്ടത്തിലെ പ്രണയം പറയുന്ന ഈ ചിത്രം  ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.“മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി” എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെയും പർവ്വതിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി ഗാനം ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.