ആരാധകർ കാത്തിരുന്ന രണ്ടാമൂഴം ഉടൻ; പ്രഖ്യാപനവുമായി നിർമ്മാതാവ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ ഷെട്ടി. ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ആയിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രമെന്നും ഷെട്ടി ട്വിറ്ററിൽ കുറിച്ചു.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഏകദേശം തീരാറായ ചിത്രത്തിന്റെ  സെറ്റിന്റെ അവസാന ഘട്ട തിരക്കിലാണ് രണ്ടാമൂഴത്തിന്റെ  അണിയറ പ്രവർത്തകർ. 100 ഏക്കറിൽ പാലക്കാട് കോയമ്പത്തുർ റൂട്ടിലാണ് സെറ്റൊരുങ്ങുന്നത്. ചിത്രത്തിന് ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരിൽ മ്യൂസിയമാക്കിമാറ്റുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. എം ഡി വാസുദേവൻ തിരക്കഥയൊരുക്കുന്ന ചിത്രം ഏകദേശം 1000 കോടി ബഡ്ജറ്റിലായിരിക്കും ചിത്രീകരിക്കുക.

മോഹൻലാലിന് പുറമെ നിരവധി ഹോളിവുഡ് ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നും സൂചനകളുണ്ട്. മലയാളം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പിന്നീട് മറ്റ് ലോകഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമെന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2020 ഓടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണായും, സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനുമാണ്.

ഒടിയനിലെ മാണിക്യം എന്ന കഥാപാത്രത്തിൽ നിന്നും രണ്ടാമൂഴത്തിലെ ഭീമസേനനിലേക്കുള്ള മോഹൻലാലിൻറെ മാറ്റം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.