ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്‌മൃതി മന്ദാന; തകർപ്പൻ പ്രകടനം കാണാം

July 30, 2018

ഇന്ത്യൻ വനിത ക്രിക്കറ്റിൽ ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന. കിയ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് മന്ദാന  അത്ഭുത പ്രകടനം കാഴ്ചവെച്ചത്. ട്വന്റി 20 ക്രിക്കറ്റിലെ അതിവേ​ഗ അര്‍ദ്ധസെഞ്ച്വറിയാണ് താരം നേടിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ  18 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി  സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ താരമായ സമൃതി ആകെ 19 പന്തില്‍ 52 റണ്‍സെടുത്തു.

അഞ്ചു ഫോറുകളും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു സ്‌മൃതിയുടെ ഇന്നിംഗ്സ്.  വെസ്റ്റേണ്‍ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സാണ് മത്സരത്തിൽ കരസ്ഥമാക്കിയത്. ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് വേഗത്തിലുളള ഫിഫ്റ്റിയാണിത്. കഴിഞ്ഞ സീസണില്‍ ന്യൂസിലന്റിന്റെ റേച്ചല്‍ പ്രീസ്റ്റ് എടുത്ത 22 പന്തില്‍ 50 റൺസ്  എന്ന റെക്കോര്‍ഡാണ് മന്ദാന തകര്‍ത്തത്. അതേസമയം അന്താരാഷ്ട്ര ട്വന്റി 20 യിലും മന്ദാന റെക്കോര്‍ഡിട്ടു. ഇതോടെ ട്വന്‍റി 20 യില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവെെന് ഒപ്പം മന്ദാന സ്ഥാനമുറപ്പിക്കുകയും ചെയ്തു.

2017ലെ ഐസിസി വനിതാ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ താരമായി മാറിയ സ്മൃതി മന്ദാന ഈ വർഷം കുറിക്കുന്ന മൂന്നാമത്ത അതിവേഗ അർധസെഞ്ചുറി കൂടിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ 30 പന്തിൽ അർധസെഞ്ചുറി നേടിയ മന്ദാന, ഇംഗ്ലണ്ടിനെതിരെ 25 പന്തിലാണ് അർധസെഞ്ചുറി നേടിയത്. അതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെ ആഭ്യന്തര ലീഗിൽ റെക്കോർഡ് പ്രകടനം കാഴ്ചവച്ചത്. ഇരുപത്തിരണ്ടുകാരിയായ സമൃതി ഇന്ത്യക്കായി 42 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 857 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ 41 ഏകദിനങ്ങളില്‍ നിന്ന് 1464 റണ്‍സും സമൃതിയുടെ അക്കൗണ്ടിലുണ്ട്.