അമ്പത് വര്‍ഷത്തെ ചലച്ചിത്ര ഓര്‍മ്മയില്‍ കോട്ടയം ആനന്ദ് തീയേറ്റര്‍; വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്

കോട്ടയത്തെ ആനന്ദ് തീയറ്ററിന് അമ്പത് വര്‍ഷത്തെ സിനിമാ ഓര്‍മ്മകളുണ്ട്. അമ്പത് വയസിന്റെ നിറവിലെത്തിയിരിക്കുകയാണ് ഈ തീയേറ്റര്‍ ഇന്ന്. 1968 ഓഗസ്റ്റ് 28നു ബോളിവുഡ് നടന്‍ ദിലീപ് കുമാറാണ് ആനന്ദ് തീയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. താരങ്ങളായ സൈറ ബാനു, സഞ്ജയ് ഖാന്‍, പ്രേം നസീര്‍ എന്നിവര്‍ തീയറ്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.

ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സിന്റെ ‘ദി ബൈബിള്‍’ ആയിരുന്നു ആനന്ദ് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ചിത്രം. അഞ്ച് പതിറ്റാണ്ടുകാലത്തെ മലയാളസിനിമകളുടെ കഥ പറയാനുണ്ട് ഈ തീയറ്ററിന്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലായി നൂറുകണക്കിന് സിനിമകളാണ് ആനന്ദ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

2011 ല്‍ തീയേറ്റര്‍ പൂര്‍ണ്ണമായും നവീകരിച്ചു. ഇതേ വര്‍ഷം തന്നെ ‘പ്ലാറ്റിനം റേറ്റിങ്’ നേടുന്ന സംസ്ഥാനത്തെ ഏക തീയേറ്ററായും ആനന്ദ് മാറി. തീയേറ്ററുകളുടെ നിലവാരം നിശ്ചയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ റേറ്റിങ് സംവിധാനമാണ് പ്ലാറ്റിനം പ്ലസ്.

ത്രിഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തനാ’ണ് ആനന്ദ് തീയേറ്ററില്‍ പ്രേക്ഷകര്‍ ഏറ്റവും അധികം ആസ്വദിച്ചത്. അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ രണ്ട് പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനങ്ങളില്‍ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ്
തീയേറ്റര്‍ മാനേജ്‌മെന്റിന്റെ തീരുമാനം.