മറക്കാനാവുമോ നാഗവല്ലിയെ? 30 വർഷങ്ങൾക്കിപ്പുറവും പ്രൗഢി ഒട്ടും കുറയാതെ മണിച്ചിത്രത്താഴ്!

November 4, 2023

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ അൽപ്പം തലക്കനത്തോടെ എന്നും മുൻപിൽ നിൽക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. തെക്കിനിയും നാഗവല്ലിയും, ഡോക്ടർ സണ്ണി ചികിത്സിച്ച മാടമ്പള്ളിയിലെ മനോരോഗിയെയും, നഗുലനെയും ഗംഗയെയുമൊക്കെ അറിയാത്ത മലയാളികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. 1993-ൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 30 വർഷങ്ങൾക്കു ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. (Evergreen Malayalam classic Manichitrathazhu re-released)

കേരളീയം കലാമേളയുടെ ഭാഗമായി തിരുവനന്തപുരം കൈരളി തിയറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്. പെരുമഴ പോലും വകവെക്കാതെ ചിത്രം കാണാൻ തടിച്ചുകൂടിയവരിൽ ഭൂരിപക്ഷവും ചിത്രം റിലീസ് ചെയ്തതിനു ശേഷം ജനിച്ചവരാണ്.

Read also: ആശാന് കൊടുക്കാൻ കടലോളം സ്നേഹം ഉള്ളിലുണ്ട്; ഇവാന്റെ ഇഷ്ടഗാനവുമായി ടീം കടുംകാപ്പി!

ഇതുപോലെയൊരു ക്ലാസ്സിക് ചിത്രം ഇനി ഒരു പക്ഷെ തിയറ്ററിൽ കാണാൻ സാധ്യത ഇല്ലാത്തതുകൊണ്ട് വന്നു കൂടിയവർക്ക് കാണാതെ മടങ്ങാൻ തീരെ മനസ്സുണ്ടായിരുന്നില്ല. ആദ്യം കൈരളിയിൽ ഒരു പ്രദർശനം മാത്രം നടത്താനായിരുന്നു തീരുമാനം. എന്നാൽ ജനത്തിരക്ക് കൂടിയതോടെ ശ്രീയിലും കൈരളിയിലും മൂന്നു ഷോകൾ അധികമായി നടത്തേണ്ടി വന്നു.

പതിനഞ്ചു കൊല്ലങ്ങൾക്കു മുൻപ് ഇഷ്ടചിത്രങ്ങളുടെ ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റ് ആൾക്കൂട്ടത്തിനിടയിൽ തിക്കിത്തിരക്കി വാങ്ങി കാണുന്ന അതേ അനുഭൂതി തിരികെ കിട്ടിയതുപോലെയെന്ന് ചിത്രം കാണാൻ വന്നവരിൽ ചിലരുടെ പ്രതികരണം. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു ചിത്രം തിരശ്ശീലയിൽ ഹൗസ്ഫുള്ളായി നിറഞ്ഞാടുന്നുണ്ടെങ്കിൽ, വർണനയ്ക്കതീതമായ മൂല്യം അതിനുണ്ടെന്നർത്ഥം.

Story highlights: Evergreen Malayalam classic Manichitrathazhu re-released