ആശാന് കൊടുക്കാൻ കടലോളം സ്നേഹം ഉള്ളിലുണ്ട്; ഇവാന്റെ ഇഷ്ടഗാനവുമായി ടീം കടുംകാപ്പി!

November 3, 2023

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ചായ സ്വന്തം ഇവാൻ ആശാന് എന്നും മലയാളികൾക്കിടയിൽ പകരം വെക്കാൻ പറ്റാത്ത സ്നേഹവും ആരാധനയുമാണ്. കടുംകാപ്പി എന്ന മലയാള ഗാനത്തോടുള്ള ആശാന്റെ ഇഷ്ടവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയം ഒരു സ്നേഹക്കടലായി മാറി. കടുംകാപ്പി എന്ന കോച്ചിന്റെ ഇഷ്ടഗാനം മഞ്ഞപ്പട ഒന്നടങ്കം പാടി. പാട്ടിനു മുകളിൽ ആർത്തിരമ്പിയത് ഒരു നാടിനു മുഴുവൻ ആശാന് കൊടുക്കാനുള്ള സ്നേഹമായിരുന്നു. (Team Kadumkappi surprises Kerala Blasters coach Ivan)

എന്നാലിപ്പോൾ ഇവാന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം പാടിക്കേൾപ്പിക്കാൻ ടീം കടുംകാപ്പി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. 24 ന്യൂസിന് കൊടുത്ത അഭിമുഖത്തിനിടയിലാണ് ആശാനെത്തേടി ഈ സമ്മാനമെത്തിയത്. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ നേരിട്ടെത്തി ആശാനൊപ്പം ഗാനമാലപിച്ചു. ഈ അനുഭവം തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും പറയാൻ വാക്കുകളില്ലെന്നും ഇവാൻ പറഞ്ഞു.

Read also: “ഞങ്ങൾക്കും വികാരങ്ങളുണ്ട്”; വീട്ടിലെ കൂട്ടുകാർ പറയാതെ പറയുന്നത്…

ഗോവയിൽ വെച്ച് ടീമംഗങ്ങൾക്കെല്ലാം കൊവിഡ് ബാധിച്ച് മുറികളിൽ പതിനഞ്ച് ദിവസത്തോളം തനിച്ചിരിക്കേണ്ടി വന്നു. ആ സമയത്താണ് ഇവാൻ മലയാള ഗാനങ്ങൾ അന്വേഷിക്കുന്നതും കടുംകാപ്പി അദ്ദേഹത്തിൽ മുന്നിൽ വന്നു പെടുന്നതും. ആ പാട്ട് ഇവാന് വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെ അദ്ദേഹത്തിന്റെ പ്ളേലിസ്റ്റിലും ഈ പാട്ട് സ്ഥിരമായി ഇടംപിടിച്ചു. അങ്ങനെ പതിയെ പതിയെ താൻ പോലും അറിയാതെ മനസ്സിൽ കയറികൂടിയതാണ് കേരളത്തിലെ ഈ കടുംകാപ്പിയെന്നു ഇവാൻ!

Story highlights: Team Kadumkappi surprises Kerala Blasters coach Ivan