നന്ദി ഇവാന്‍..! കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്

April 26, 2024

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രധാന പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ ഇവാനും ക്ലബും വേര്‍പിരിഞ്ഞതായി ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചത്. 2021-ല്‍ മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്ന ഇവാന്‍ ക്ലബിനെ മികച്ച നിലയില്‍ എത്തിച്ച ശേഷമാണ് പടിയിറങ്ങുന്നത്. ( Ivan Vukumanovic has resigned as the coach of Kerala Blasters )

തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന്‍ ആദ്യ സീസണില്‍ തന്നെ ഫൈനല്‍ വരെ എത്താനും കഴിഞ്ഞിരുന്നു. 2021-22 സീസണില്‍ ക്ലബ് ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നി നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.

‘കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ടീമിന്റെ വളര്‍ച്ചക്കായി ഇവാന്‍ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവാന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ – ക്ലബ്ബും ഇവാനും വേര്‍പിരിയുന്നതിനെ കുറിച്ച് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Read Also : സ്ഥാനമുറപ്പിച്ച് ഋഷഭ് പന്ത്; ലോകകപ്പിന് രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ രാഹുലോ..?

ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളില്‍ ഒന്നാണിത്. ആദ്യ ദിവസം മുതല്‍ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേര്‍പിരിയലില്‍ ഞാന്‍ ഖേദിക്കുന്നു, പക്ഷേ ക്ലബ്ബിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ലബിനായി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങള്‍ക്കും ഒപ്പം ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അടിത്തറയ്ക്കും ഞാനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എന്നും ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ അവിഭാജ്യ അംഗമായിരിക്കും. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. കോച്ച് ഇവാനും ഫ്രാങ്കിനും ഇക്കാലയളവിലെ അവരുടെ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ക്ലബ്ബ് നന്ദി അറിയിക്കുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ചപ്പാടുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ക്ലബ് ഉടന്‍ ആരംഭിക്കും. ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗ്ദ്ദ പറഞ്ഞു.

Story highlights : Ivan Vukumanovic has resigned as the coach of Kerala Blasters