“ഞങ്ങൾക്കും വികാരങ്ങളുണ്ട്”; വീട്ടിലെ കൂട്ടുകാർ പറയാതെ പറയുന്നത്…

November 3, 2023

നമ്മളിൽ മിക്കവർക്കും വീട്ടിൽ വളർത്തുനായ്ക്കളുണ്ടാവും. ഇനി ഇല്ലെങ്കിൽ തന്നെ, പലരും മൃഗസ്നേഹികളായിരിക്കും. നമ്മുടെ സഹജീവികളായ ഇവർക്കും നമ്മെ പോലെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഉണ്ടെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? കഴിഞ്ഞ 25 വർഷമായി, നായ്ക്കളിലെ വൈകാരിക തലങ്ങളെ കുറിച്ച് ന്യൂറോ സയന്റിസ്റ്റുകൾ ധാരാളം പഠനങ്ങളും ഡാറ്റയും സംഭാവന ചെയ്തിട്ടുണ്ട്. (Our pet dogs too can feel emotions)

മനുഷ്യവികാരങ്ങൾ ഉണ്ടാക്കുന്ന അതേ മസ്തിഷ്ക ഘടനകളും ഹോർമോണുകളും രാസമാറ്റങ്ങളും നായ്ക്കൾക്കും ഉണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. അവരുടെ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോൺ പോലും ഉണ്ട്. മനുഷ്യർ സ്നേഹത്തിലായിരിക്കുമ്പോഴോ മറ്റുള്ളവരോട് സ്നേഹം തോന്നുമ്പോഴോ ശരീരത്തിൽ ഉല്പാദിക്കപ്പെടുന്ന ഹോർമോണാണിത്. അങ്ങനെയെങ്കിൽ ടൺ കണക്കിന് ഓക്സിടോസിൻ നായ്ക്കളിൽ കണ്ടെത്താനാകും. കാരണം അവർക്കാകെ അറിയുന്നത് നമ്മളെ സ്നേഹിക്കാനാണ്.

വളർത്തുനായയുമായി നമുക്ക് ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ പിന്നെ അവരുടെ ലോകം തന്നെ നമ്മളാവും. ഒരു പക്ഷെ മനുഷ്യരെക്കാളുപരി സ്നേഹം കൊതിക്കുന്നതും, സ്നേഹം കൊടുക്കാൻ കഴിയുന്നതും അവർക്കാണ്. സ്നേഹത്തോടെ നമ്മളെ ഉമ്മവെക്കാനും, തൊട്ടുരുമ്മി ഇരിക്കാനും, കഴിയുമെങ്കിൽ കെട്ടിപ്പിടിക്കാൻ വരെ അവർ തയ്യാറാണ്. പക്ഷേ മനുഷ്യരെപ്പോലെയല്ല, കലർപ്പില്ലാത്ത നിഷ്കളങ്കമായ സ്നേഹമാണ് അവരുടേത്.

Read also: “കഴിഞ്ഞു പോയ തലമുറകളുടെ അടയാളമാണെനിക്ക് അവൻ”: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബി വിടപറഞ്ഞു!

മനുഷ്യർക്ക് അനുഭവപ്പെടുന്ന വൈകാരിക തലങ്ങളിൽ അല്ലെങ്കിലും നായ്ക്കൾക്ക് വേദനയും ദുഃഖവും ഒക്കെ അനുഭവപ്പെടും. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ വിട്ടു പോകുമ്പോഴോ മരണപ്പെടുമ്പോഴോ ഒക്കെ അവർ സങ്കടത്തിലാവും. അവർ കരയില്ലെങ്കിലും മറ്റു പല രീതികളിലാവും സങ്കടം പ്രകടിപ്പിക്കുക. പേടി, നിരാശ, വിശപ്പില്ലായ്മ, ഉത്കണ്ഠ, അമിത ഉറക്കം അങ്ങനെ പലതും അവരുടെ സങ്കടത്തിന്റെ ലക്ഷണങ്ങളാവാം.

മനുഷ്യർക്ക് മാത്രമല്ല നായ്ക്കൾക്കുമുണ്ട് അസൂയ. അവരുടെ ഒരു ഭാഗമെന്നപോലെയാണ് അവർ നമ്മെ കാണുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ മുഴുവൻ ശ്രദ്ധയും അവർ തേടും. നമുക്ക് മറ്റൊരു നായ ഉണ്ടെങ്കിൽ അല്ലെങ്കിൽ കുടുംബത്തിലേക്ക് പുതിയ ആരെങ്കിലും വന്നാൽ അതിഥികളോട് അവർക്ക് അസൂയ തോന്നിയേക്കാം. നമ്മുടെ സ്നേഹം പങ്കിട്ടു പോകുന്നത് അവർ സഹിക്കില്ല.

ഇനി കുറ്റബോധം തുളുമ്പുന്ന നോട്ടവും, വാൽ തിരുകി ഒരു പന്ത് പോലെ കുനിഞ്ഞു നിൽക്കുന്നതുമൊക്കെ കണ്ടാൽ അവർക്ക് കുറ്റബോധം തോന്നുന്നു എന്ന് വേണം കരുതാൻ. പാടില്ലാത്തിടത്ത് മൂത്രമൊഴിക്കുക, കടിക്കുക, ഏതെങ്കിലും വസ്തു നശിപ്പിക്കുക, അല്ലെങ്കിൽ തന്റേതല്ലാത്ത ഭക്ഷണം കഴിക്കുക എന്നിങ്ങനെയുള്ള എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ തന്നെ അവർക്കറിയാം ശകാരം പുറകെ വരുമെന്ന്.

മനുഷ്യനെന്ന പോലെ നായ്ക്കൾക്കു ഭയവും സാധാരണമാണ്. ഇടിമിന്നൽ, പടക്കം പോലെയുള്ള വസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, ഇരുട്ട്, അസാധാരണ വേഷങ്ങൾ ധരിച്ചു വരുന്ന മനുഷ്യർ, ഭീമമായ വാഹനങ്ങൾ എന്നിവയൊക്കെ അവർക്ക് ഭയമുണ്ടാക്കും.

അടുത്ത തവണ വീട്ടിലെ നായ്ക്കുട്ടി നിങ്ങളെ നോക്കി ശബ്ദമുണ്ടാക്കുമ്പോഴോ, കാലുകൾ കൊണ്ട് തറയിൽ ഉരസ്സുമ്പോഴോ ശ്രദ്ധിച്ചു നോക്കിക്കോളൂ. ചിലപ്പോൾ ദേഷ്യത്തോടെ എന്തെങ്കിലും പറയുന്നുണ്ടാവും!

Story highlights: (Our pet dogs too can feel emotions)