“കഴിഞ്ഞു പോയ തലമുറകളുടെ അടയാളമാണെനിക്ക് അവൻ”: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബി വിടപറഞ്ഞു!

October 25, 2023
worlds oldest dog bobby passed away

വളർത്തുമൃഗങ്ങൾ പലപ്പോഴും വാർത്തകളിൽ  ഇടംപിടിക്കാറുണ്ട്. അവരുടെ കളിചിരിക്കൾക്ക് എന്നും സ്വീകാര്യത ഏറെയാണ്. എന്നാൽ ഏറെ സങ്കടകരമായ വാർത്തയാണ് ലോകത്തിൽ ഏറ്റവുൽ കൂടുതൽ ഫോള്ളോവെഴ്‌സുള്ള  മൃഗഡോക്ടർ, കാരൻ ബെക്കർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. (world’s oldest dog bobby passed away)

ഗിന്നസ് ലോക  റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബിയുടെ മരണവാർത്തയാണ് കാരൻ ബെക്കർ ലോകത്തെ അറിയിച്ചത്.1992 മെയ് 11 നു ജനിച്ച പോർച്ചുഗീസുകാരനായ ബോബി, 31 വർഷവും,165 ദിവസങ്ങളും ഭൂമിയിൽ ജീവിച്ചു. “ചരിത്രത്തിലെ എല്ലാ നായ്ക്കളെയും മറികടന്നിട്ടും ഭൂമിയിലെ അവന്റെ 11,478 ദിനങ്ങൾ അവനെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകില്ല” എന്ന് കാരൻ ഫേസ്ബുക്കിൽ കുറിച്ചു.

31 വയസ്സ് പോയിട്ട്  ഒരു വയസ്സ് വരെ പോലും ബോബി ജീവിക്കുമെന്ന് ഉടമയായ ലിയോണൽ  കോസ്റ്റ കരുതിയില്ല. കോസ്റ്റ കുടുംബത്തിൽ ജനിച്ച റെഫെയ്‌റൊ ഡോ അലാന്റെജോ ഇനത്തിലെ നാലു നായക്കുട്ടികളിൽ ഒരാളായിരുന്നു ബോബി. എന്നാൽ ലിയോണലിന്റെ  മാതാപിതാക്കൾക്ക്‌ കൂടുതൽ നായ്ക്കളെ  പരിചരിക്കാൻ സാധിക്കാത്തതിനാൽ അവയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ, ബോബി മാത്രം രക്ഷപെട്ടു.

Read also: ഹൃദയസ്പര്‍ശിയായ പാട്ടുകളെഴുതിയ ബഹുമുഖ പ്രതിഭ; ഇന്ന് മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനം

കോൻക്വീറോസിലുള്ള കോസ്റ്റ കുടുംബത്തിൻറെ പുറംകെട്ടിടത്തിൽ ബോബി ഒളിച്ചിരുന്നു. കൂടെ കൂടെ അവന്റെ അമ്മ അവനെ സന്ദർശിച്ചു വേണ്ട കരുതലും പരിചരണവും നൽകി.ലിയോണലും  സഹോദരന്മാരും ബോബി ജീവനോടെയുണ്ടെന്ന് കണ്ടെത്തിയെങ്കിലും മാതാപിതാക്കളെ അറിയിച്ചില്ല. വൈകാതെ തന്നെ അവർ കണ്ടുപിടിച്ചെങ്കിലും അവനെ  ഉപേക്ഷിച്ചില്ല.

പിന്നീട് ബോബി ആ ഗ്രാമത്തിൽ തന്നെ വളർന്നു. അവനെ കെട്ടിയിടുകയോ, തുടലിട്ടു ബന്ധിക്കുകയോ ചെയ്തിരുന്നില്ല. തന്റെ യജമാനൻ എന്ത് ഭക്ഷിച്ചോ,അത് തന്നെയായിരുന്നു ബോബിയുടെയും ഭക്ഷണം. പ്രായമേറുന്നതോടൊപ്പം തൊട്ടടുത്തുള്ള വനങ്ങളിലേക്കും വിളയിടങ്ങളിലേക്കുമുള്ള ബോബിയുടെ സന്ദർശനവും കുറഞ്ഞു. അവന്റെ കാഴ്‌ച പതിയെ മങ്ങി തുടങ്ങി, നീണ്ട ഇടവേളകൾ വിശ്രമത്തിനു വേണ്ടി വന്നു.

 റെഫെയ്‌റൊ ഡോ അലാന്റെജോ ഇനത്തിൽ പെട്ട നായ്ക്കളുടെ ശരാശരി ജീവിതകാലം 12 മുതൽ 14 വർഷമാണ്. എന്നാൽ ബോബിയുടെ അമ്മ ജീര 18 കൊല്ലവും, ചിക്കോട്ടെ എന്ന മറ്റൊരു നായ 18 കൊല്ലവും ജീവിച്ചു.

“ബോബി എനിക്ക് ഏറെ പ്രിയപെട്ടവനാണ് കാരണം അവനെ നോക്കുമ്പോൾ എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്ന, എന്നാൽ എന്നെ വിട്ടു പോയ എന്റെ പ്രിയപെട്ടവരെ ഓർക്കുന്നത് പോലെയാണ്. ഈ ലോകം തന്നെ വിട്ടു പോയ എന്റെ അച്ഛനെ പോലെ, സഹോദരനെ പോലെ, മുത്തശ്ശിയേയും മുത്തശ്ശനെയും പോലെ. കഴിഞ്ഞു പോയ ആ തലമുറകളുടെ അടയാളമാണെനിക്ക് എന്റെ ബോബി”,സ്നേഹത്തോടെ കോസ്റ്റ പറയുന്നു.

Story highlights – world’s oldest dog bobby passed away