‘ഒന്ന് ആളാവാൻ നോക്കിയതാ’; ഒടുവിൽ അസഭ്യം പറഞ്ഞ് കുരുക്കിൽ പെട്ട് തത്തകൾ!

January 27, 2024

നമ്മളിൽ പലരും അരുമയോടെ വളർത്തുന്ന പക്ഷികളിൽ ഒന്നാണ് തത്തകൾ. കാണാൻ ചേലുണ്ടെന്ന് മാത്രമല്ല നല്ല ഒന്നാന്തരമായി സംസാരിക്കാനും മിടുക്കരാണ് പല തത്തകളും. എന്നാൽ തത്തകളുടെ വർത്തമാനം പൊല്ലാപ്പായാലോ? തത്തകളുടെ അമിതമായ സംസാരം കൊണ്ട് പുലിവാല് പിടിച്ച ഒരു കൂട്ടം മൃഗശാല അധികൃതരുടെ കഥയാണിത്. ചിരി പടർത്തിയ ആ വിശേഷം ഒന്ന് കേട്ട് നോക്കിയാലോ? (Zoo authorities teach Parrots a lesson for using abusive language)

ബ്രിട്ടനിലെ ഫ്രിസ്‌ക്നിയിലുള്ള ലിങ്കൺഷയർ വന്യജീവി പാർക്കിലാണ് സംഭവം. 2020 ഓഗസ്റ്റിലാണ് ആഫ്രിക്കൻ ഗ്രേ വിഭാഗത്തിൽ പെട്ട അഞ്ച് വെള്ള തത്തകളെ അധികൃതർ സ്വന്തമാക്കുന്നത്. എറിക്, ജേഡ്, എൽസി, ടൈസൺ, ബില്ലി എന്നിവർ അഞ്ച് വ്യത്യസ്ത ഉടമകളിൽ നിന്ന് പാർക്കിലെത്തിയവരാണ്. കൊവിഡ് സമയം ആയത് കൊണ്ട് തന്നെ അവരെ ക്വാറന്റീനിൽ ആക്കിയിരുന്നു.

ഏറ്റവും നല്ല പെരുമാറ്റം കാഴ്ചവെച്ച തത്തകളെ നല്ലൊരു സമയം നോക്കി അധികൃതർ പ്രധാന പക്ഷി ശാലയിലേക്ക് മാറ്റി. അവിടെ നിന്നാണ് മൃഗശാല ജീവനക്കാരുടെ കഷ്ടകാലം തുടങ്ങുന്നത്. പാർക്കിൽ വരുന്ന സന്ദർശകരെ നോക്കി തത്തകൾ കണ്ണുംപൂട്ടി ചീത്ത പറയാൻ തുടങ്ങി. കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുന്ന തത്തകളെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ കണ്ണും തള്ളി നിന്നു.

Read also: എന്റെ ആഫ്രിക്കൻ തത്തയെ കണ്ടവരുണ്ടോ..? പത്രത്തിൽ പരസ്യം നല്‍കി യുവാവ്‌

സഹിക്കാനാവാത്ത തെറിവിളിയുടെ കാരണം മാത്രം അവർക്ക് പിടികിട്ടിയില്ല. ഒരുപക്ഷെ, വന്നു ചേർന്ന തത്തകളിൽ ആരുടെയെങ്കിലും ഉടമസ്ഥൻ പക്ഷിയെ ചീത്ത വാക്കുകൾ പഠിപ്പിച്ചിരിക്കാമെന്നും ഒന്നിച്ച് ചിലവഴിച്ച സമയങ്ങളിൽ ഇത് മറ്റ് തത്തകളും കേട്ട് പഠിച്ചിരിക്കാം എന്നായിരുന്നു ഒടുവിലത്തെ നിഗമനം.

ചിറകുകൾ വിരിച്ച് റൗഡികളെ പോലെ ഗോഷ്ടികൾ കാണിച്ച് ചീത്ത പറയുന്ന തത്തകൾ ആദ്യം കാണികൾക്കൊക്കെ തമാശ ആയിരുന്നെങ്കിലും ചിലർ ഇത് കാര്യമായി തന്നെയെടുത്തു. കുട്ടികളും മറ്റും വരുന്ന പാർക്കിൽ ഇത്തരം അസഭ്യവർഷം പ്രോത്സാഹിപ്പിക്കാനാവില്ല എന്നായിരുന്നു അവരുടെ പക്ഷം. ഇതോടെ മൃഗശാല അധികൃതർ കുരുക്കിലായി.

അവിടെയും തീരുന്നില്ല പ്രശ്നങ്ങൾ. ഈ അഞ്ചംഗ സംഘത്തെ കൂടാതെ 250 തത്തകൾ വേറെയും പാർക്കിലുണ്ട്. മറ്റ് തത്തകളെ കൂടെ ചീത്തയാക്കാതിരിക്കാൻ പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവിന് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. തെറി വിളിക്കുന്ന അഞ്ച് തത്തകളെയും മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കാൻ നടപടിയായി. 2020-ൽ തന്നെ ഇത് പ്രാവർത്തികമാക്കുകയും ചെയ്തു. പിറ്റേ വർഷം ഇക്കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി ചേർത്തു.

Read also: വെള്ളംകുടിക്കുന്നതിനിടെ കുട്ടിയാന ചെളികുഴിയിൽ വീണു; കൂട്ടമായി രക്ഷാപ്രവർത്തനത്തിന് എത്തി ആനകൾ

ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷം നല്ലനടപ്പ് കണക്കിലെടുത്താവണം, എട്ട് പേരെയും ഇപ്പോൾ നൂറോളം വരുന്ന പാർക്കിലെ മറ്റ് തത്തകൾക്കൊപ്പം വിടാൻ ഒരുങ്ങുകയാണ് അധികൃതർ. ഏതായാലും ലിങ്കൺഷയർ വന്യജീവി പാർക്കിലെ അധികൃതർ ഈ സംഭവം ഒരിക്കലും മറക്കാൻ സാധ്യതയില്ല. കാരണം, പിടിച്ച പുലിവാല് ചില്ലറയൊന്നുമല്ലല്ലോ…

Story highlights: Zoo authorities teach Parrots a lesson for using abusive language