വെള്ളംകുടിക്കുന്നതിനിടെ കുട്ടിയാന ചെളികുഴിയിൽ വീണു; കൂട്ടമായി രക്ഷാപ്രവർത്തനത്തിന് എത്തി ആനകൾ

January 27, 2024

ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടുന്നത് എപ്പോഴും വിജയം കാണും. അങ്ങനെ കൂട്ടായ പരിശ്രമങ്ങളിലൂടെ എപ്പോഴും തടസങ്ങൾ നേരിടുന്നവയാണ് ആനകൾ. അത്തരത്തിലൊരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ അഡോ എലിഫൻ്റ് നാഷണൽ പാർക്കിൽ നിന്നും ശ്രദ്ധനേടുന്നത്. ഒരു കുട്ടി ആനയുടെ ദയനീയാവസ്ഥ കണ്ട് ആനക്കൂട്ടത്തിന്റെ ഉത്കണ്ഠാകുലമായ പരിശ്രമങ്ങൾ എടുത്തുകാണിക്കുകയാണ് വിഡിയോയിൽ.

ഹണിമൂണിൽ പാർക്ക് സന്ദർശിക്കാനെത്തിയ ജോലാണ്ടി ഡി ക്ലെർക്ക് ആണ് സംഭവം പകർത്തിയത്. കുടുംബത്തോടൊപ്പം ചെളിവെള്ളം നിറഞ്ഞ കുളത്തിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ ആനക്കുട്ടി കാല് വഴുതി വെള്ളക്കുഴിയിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആനക്കൂട്ടം ഉടൻ തന്നെ അപകടം മനസ്സിലാക്കി, ഏറ്റവും മുതിർന്നവർ ഭ്രാന്തമായി ആനക്കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ തുമ്പിക്കൈയുമായി എത്തി. അവരുടെ ശ്രമങ്ങൾക്കിടയിലും, കുഞ്ഞിന് പിടിച്ചുനിൽക്കാൻ കഴിയാത്തവിധം തളർന്നു, ചെളിയിൽ ആഴത്തിൽ മുങ്ങുന്നത് തുടർന്നു.

Read also: ‘ഈ കാപ്പി ആരും കുടിച്ചിട്ടുണ്ടാകില്ല’; സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഓപ്പൺഹൈമർ കോഫി’!

സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെ ആനകളിൽ ഒന്ന് പെട്ടെന്ന് മറ്റൊരു വിധത്തിൽ പ്രവർത്തിച്ചു. ചെളിയിൽ മുങ്ങിത്താഴുന്ന ആനക്കുട്ടിയുടെ അരികിലേക്ക് അത് ധൈര്യത്തോടെ ഇറങ്ങി. താമസിയാതെ, മറ്റൊരു മുതിർന്ന ആനയും ഒപ്പം ചേർന്നു, അവർ ഒരുമിച്ച് തളർന്നുപോയ കുട്ടിയാനയെ ആപത്കരമായ ചെളിയിൽ നിന്ന് ശാന്തമായ ഒരു ചരിവിലേക്ക് പതുക്കെ രക്ഷിച്ചെടുത്തു. ഹൃദ്യമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

Story highlights- entire family of elephants trying to save baby elephant from pond