ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

March 26, 2024

ബ്ലെസി-പൃഥ്വിരാജ് ടീം ഒരുമിക്കുന്ന ആടുജീവിതം തിയേറ്ററിലെത്താന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ഗാനങ്ങള്‍ക്കും ട്രെയിലറിനും ടീസറിനുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത ആടുജീവിതത്തിന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സൂര്യ. ( Actor Suriya about Aadujeevitham movie )

ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ അഭിനിവേശം, ഈ പരിവര്‍ത്തനവും ഇത് ഒരുക്കാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരു തവണ മാത്രമേ സംഭവിക്കൂ! ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് സൂര്യ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. സംവിധായകന്‍ ബ്ലെസി ആന്‍ഡ് ടീം, പൃഥ്വിരാജ്, എ.ആര്‍ റഹ്‌മാന്‍ സാര്‍ എന്നിവര്‍ക്ക് ഒരു ഗ്രാന്‍ഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മുന്‍പ് ആടുജീവിതത്തിലെ പ്രധാന കഥാപാത്രമായ നജീബായി വേഷമിടാന്‍ സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. ‘സൂര്യയോട് മുന്‍പ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്നും അപ്പോള്‍ തന്നെ സൂചിപ്പിച്ചു.

ആ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയില്‍ ശാരീരിക മാറ്റങ്ങള്‍ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്തിരുന്നു. അതാണ് ചിത്രം ഉപേക്ഷിച്ചത്’എന്നാണ് അന്ന് ബ്ലെസി പറഞ്ഞത്.

Read Also : ‘ആടുജീവിതം’ അവിശ്വസിനീയമായ യാത്രയുടെ തുടക്കവും ഒടുക്കവും: ചിത്രങ്ങളുമായി അമല പോൾ

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ചു. പൃഥ്വിരാജിന്റെ നായികായി അമല പോളാണ് എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങെളായി എത്തുന്നത്.

Story highlights : Actor Suriya about Aadujeevitham movie