യുദ്ധം ജയിച്ച പോരാളിയെ പോലെ മതിമറന്ന് ആഘോഷം; ഇങ്ങനെയൊരു സഞ്ജുവിനെ മുൻപ് കണ്ടിട്ടേയില്ല!

April 28, 2024

ത്രില്ലര്‍ പോരാട്ടങ്ങളില്‍ അടക്കം ടീം ജയിച്ചുകയറുമ്പോഴും സെഞ്ച്വറി നേടുമ്പോഴെല്ലാം മതിമറന്ന് ആഘോഷിക്കുന്ന സഞ്ജു സാംസണെ നമ്മള്‍ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയത്തില്‍ അമിതമായി ആഘോഷിക്കുകയോ തോല്‍വിയില്‍ തളര്‍ന്നുപോകുകയോ ചെയ്യുന്നതല്ല തന്റെ രീതിയെന്ന് സഞ്ജു പലതവണ തെളിയിച്ചതാണ്. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം എതിരാളികളെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തില്‍ ഒരു പോരാളിയെ പോലെ അയാള്‍ ആര്‍ത്തട്ടഹസിച്ചു. ഒരു മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജുവില്‍ നിന്നും ഇത്രയും വൈകാരികമായി പെരുമാറുന്നത് നാം ആദ്യമായിട്ടാകും കാണുന്നത്. ( Sanju Samson winning Celebration against Lucknow )

എന്തുകൊണ്ടായിരിക്കും പതിവില്‍ നിന്നും വ്യത്യസ്തമായി സഞ്ജു ഇത്രമേല്‍ മതിമറന്ന് ആഘോഷിച്ചുവെന്ന് നമ്മില്‍ പലര്‍ക്കും തോന്നിയിരിക്കാം. ദീര്‍ഘകാലമായി ദേശീയ കുപ്പായത്തിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ അവഗണനകളുടെ കഥകള്‍ മാത്രം പറയാനുള്ള സഞ്ജുവിന് പലരോടും പറയാനുള്ള മറുപടിയായിരുന്നുവെന്ന് തന്നെ പറയാം. ടി-20 ലോകകപ്പ് ക്രിക്കറ്റ് പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസമാണ് മെയ് ഒന്ന്. അതുകൊണ്ടുതന്നെ ഏപ്രില്‍ 28ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പല മുന്‍താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം പ്രവചിച്ചിരുന്നു. എന്നാല്‍ അവരുടെയൊന്നും ഇഷ്ടതാരങ്ങളുടെ ലിസ്റ്റില്‍ പതിവുപോലെ സഞ്ജു സാംസണ്‍ എന്ന പേര് ഉണ്ടായിരുന്നില്ല. പകരം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ കളത്തിലേക്ക് തിരികെയെത്തിയ ഋഷഭ് പന്തിനും കെ.എല്‍ രാഹുലിനുമാണ് സ്ഥാനം കിട്ടിയിരുന്നത്. എന്നാല്‍ അവരെയെല്ലാം നിശബ്ദരാക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പുറത്തെടുത്തത്.

സാധാരണയായി ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് അടുത്തടുത്ത പന്തുകളില്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറിനെയും യശ്വസി ജയ്‌സ്വാളിനെയും നഷ്ടമായി. ഇതോടെ ക്രീസിലെത്തിയ സഞ്ജു ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മനോഹരമായ ഇന്നിങ്‌സാണ് പടുത്തുയര്‍ത്തിയത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ആത്മനിയന്ത്രണത്തോടെ ലഖ്‌നൗ ബോളര്‍മാരെ നേരിട്ട സഞ്ജു ഒരിക്കല്‍ പോലും അനാവശ്യ ഷോട്ടുകള്‍ മുതിര്‍ന്നില്ല. തുടക്കത്തില്‍ മോശം പന്തുകളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച സഞ്ജു, മത്സരത്തിന്റെ അവസാനത്തിലാണ് വെടിക്കെട്ട് നടത്തിയത്. 33 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. മറുവശത്ത് അപരാജിതനായി ബാറ്റുവീശിയ ജുറെലിന്റെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.

സഞ്ജു ഉത്തരവാദിത്വം ഇല്ലാതെ ബാറ്റ് ചെയ്യുന്നു, തുടക്കത്തിലെ വമ്പന്‍ സ്‌കോറുകള്‍ അടിച്ചെടുക്കുന്ന താരം പിന്നീട് ബാറ്റിങ് മറക്കുന്നു.. സീസണിന്റെ ആരംഭത്തില്‍ അങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ മലയാളി താരം നേരിട്ടിരുന്നു. എന്നാല്‍ അവിടെ നിന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയത്തിനായി കളിക്കുന്ന ഒരു ക്യാപ്റ്റനിലേക്കുള്ള സഞ്ജുവിന്റെ പരിവര്‍ത്തനം ആര്‍ക്കും വിസ്മരിക്കാനാകില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഈ സീസണിലെ ഇതുവരെയുള്ള പ്രകടനം ഏറ്റവും ഉയര്‍ന്ന ലെവലിലാണ്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍ ഇന്നിങ്‌സിലൂടെ ജയിച്ചുകയറിയ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ബഹുദൂരം മുന്നിലാണ്. ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും ജയിച്ചാണ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുന്നത്. ടീമിന്റെ പ്രകടനത്തിനൊപ്പം വ്യക്തിഗത നേട്ടങ്ങളിലും സഞ്ജു മികച്ചുനില്‍ക്കുന്നു. ഇന്നലെ നേടിയ 71 റണ്‍സോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്താനും രാജസ്ഥാന്‍ നായകനായി. ഒന്‍പത് മത്സരങ്ങളില്‍ 77 ശരാശരിയില്‍ 385 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 430 റണ്‍സാണ് മുന്നിലുള്ള വിരാട് കോലിയുടെ സമ്പാദ്യം. ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ, റണ്‍സ് നേടിയ ക്യാപ്റ്റന്‍ അത് സഞ്ജു തന്നെയാണ്.

Read Also : റൊണാൾഡോയെ കാണണം, കയ്യൊപ്പ് വാങ്ങണം, മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ..!

ഏതായാലും ഇന്നലെ നടത്തിയ പ്രകടനത്തോടെ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, കെവിന്‍ പിറ്റേഴ്‌സണ്‍ അടക്കമുള്ള സഞ്ജുവിനെ ടീമിലെടുക്കണമെന്ന വാദവുമായി എത്തുന്നുണ്ട്. ഇത്രയൊക്കെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സഞ്ജു സാസണെ ഈ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ രണ്ടു വിക്കറ്റ്കീപ്പര്‍ ബാറ്റസ്മാന്‍മാരില്‍ ഒരാളായെങ്കിലും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ആ കളിക്കാരനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും എന്നുറപ്പാണ്.

Story highlights : Sanju Samson winning Celebration against Lucknow