റൊണാൾഡോയെ കാണണം, കയ്യൊപ്പ് വാങ്ങണം, മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ..!

April 27, 2024

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒന്ന് നേരിട്ട് കാണണം.. പറ്റുമെങ്കില്‍ ഒരുമിച്ചൊരു സെല്‍ഫി എടുക്കുകയും കയ്യില്‍ കരുതിയ ജഴ്‌സിയില്‍ ഒരു കയ്യൊപ്പും വാങ്ങണം.. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ചെറുപ്പാക്കാന്‍ സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായിട്ടുള്ള അല്‍ നസ്ര്‍ ക്ലബ് ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്ന സമയത്ത് മനസിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇത്. ഷാര്‍ജയില്‍ നിന്നും 1200 കിലോമീറ്ററിലധികം ദൂരമുള്ള റിയാദിലേക്ക് കാല്‍നടയായിട്ടാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി സ്വദേശിയായ കെ.പി സിവിന്‍ യാത്ര ആരംഭിച്ചത്. മാര്‍ച്ച് ഏഴിന് ദുബായിലെ അല്‍ നഹ്ദയില്‍ നിന്ന് ആരംഭിച്ച നടത്തം 37 ദിവസങ്ങള്‍ പിന്നിട്ട് ഏപ്രില്‍ 11 നാണ് റിയാദില്‍ അവസാനിച്ചത്. ( Kozhikode native Civin walked1200 km to meet Cristiano Ronaldo )

താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തെ നേരില്‍ കാണുക എന്ന ലക്ഷ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട സിവിന് മുന്നില്‍ പ്രതിസന്ധികളെല്ലാം വഴിമാറി. ഇത്തരം ദൂരയാത്രകള്‍ പലവട്ടം ഇന്ത്യയില്‍ നടന്നു തീര്‍ത്ത സിവിന് തണുപ്പോ ചൂടോ മരുഭുമിയിലെ പൊടിക്കാറ്റോ വിജനതയോ ഒന്നും മലയാളി പയ്യന് ഒരു തടസമായി തോന്നിയില്ല. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മാര്‍ച്ച് 29-ന് സില, അല്‍ ബത്ഹ അതിര്‍ത്തിയിലൂടെ സൗദിയിലേക്ക് എത്തി. അവിടെ നിന്നാണ് യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും കാഠിന്യമേറിയതുമായ മരുഭൂമിയായ റൂബ് അല്‍ ഖാലി പിന്നിടണം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിലെ പൊടിക്കാറ്റാണ് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. അപ്പോഴെല്ലാം റോഡരികില്‍ നിര്‍ത്തിയി്ട്ടിരുന്ന ട്രക്ക് ഡ്രൈവര്‍മാരാണ് ആവശ്യമായ നിര്‍ദേശങ്ങളുമായി സഹായത്തിനെത്തിയത്.

പെട്രോള്‍ പമ്പുകളിലും ധാബകളിലും ഫാമുകളിലും റോഡ് പണിക്കാരുടെ ക്യമ്പുകളിലും പള്ളികളിലുമൊക്കെയാണ് അന്തിയുറങ്ങാനുള്ള ഇടം തരപ്പെടുത്തിയത്. സൗദി അതിര്‍ത്തി കടന്നോടെ ഉദ്യോഗസ്ഥരെല്ലാം സിവിനെ അതിഥിയെ പോലെ സ്വീകരിച്ചു. ലക്ഷ്യം അറിയിച്ചതോടെ സൗദി പൊലീസും നല്‍കിയ സുരക്ഷയും സംരക്ഷണവും വളരേയെറെ വിലപ്പെട്ടതായിരുന്നു. കൃത്യമായ ഇടവേളകളില്‍ യാത്രാവിവരങ്ങളന്വേഷിച്ച് എത്തുന്ന സൗദി പൊലീസ് കുടിവെള്ളവും ബിസ്‌കറ്റും ലഘുഭക്ഷണവും എല്ലാം നല്‍കി കൂടെ നിന്നു.

ഒടുവില്‍ 37 ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ഏപ്രില്‍ 11-ന് റിയാദിലെത്തിയ സിവിന്‍ തൊട്ടടുത്ത ദിവസം അല്‍ നസ്ര്‍ താരങ്ങളുടെ പരിശീലന കേന്ദ്രത്തിലെത്തി. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തിനെത്തുന്ന അല്‍ നാസര്‍ ക്ലബിന്റെ കവാടത്തില്‍ കാത്തുനില്‍ക്കും. ഇതിനിടയില്‍ വെളുത്ത ബെന്‍ലി കാറിലെത്തി മടങ്ങുന്ന താരത്തെ മിക്ക ദിവസവും ദൂരെ നിന്നും കാണാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നും കൈവീശികാണിച്ച റൊണാള്‍ഡോ ഒരു ചിരിയും സമ്മാനിച്ചു. എന്നാല്‍ പ്രിയ താരത്തെ നേരില്‍കാണുകയും ജഴ്‌സിയില്‍ കയ്യൊപ്പ വാങ്ങുകയും എന്നതാണ് ലക്ഷ്യം എന്നതിനാല്‍ സിവിന്‍ ക്ഷമയോടെ കാത്തിരുന്നു.

ഇതിനിടെ റൊണാള്‍ഡോയെ കാണാന്‍ ദുബായില്‍ നിന്നും റിയാദിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി സിവിന്‍ പോര്‍ച്ചുഗീസ് ഭാഷ പഠിച്ചു. തുടര്‍ന്ന് റെണാള്‍ഡോയെ കാണാന്‍ സൗദിയിലേക്കു കാല്‍നടയായി പുറപ്പെടുകയാണെന്നും ആഗ്രഹം സാധ്യമാക്കാന്‍ പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. റിയാദിലെത്തിയ ശേഷം അല്‍ നസ്ര്‍ ക്ലബിന്റെ കവാടത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി മുടങ്ങാതെ സിആര്‍7 എന്ന പോസ്റ്ററുമായി എത്തുന്ന സിവിന്റെ വിശേഷങ്ങള്‍ റിയാദിലെ പ്രദേശിക മാധ്യമമായ എം.ബി.സി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ സിവിന്റെ സാഹസിക യാത്രയെക്കുറിച്ച് അറിഞ്ഞ ക്ലബ് അധികൃതര്‍ അവനെ ഓഫിസിലേക്ക് ക്ഷണിച്ച്് സത്കരിക്കുകയും വിലപ്പെട്ട ഒരു സമ്മാനം നല്‍കുകയും ചെയ്തു. ക്ലബ് അധികൃതര്‍ക്കും കൂടിക്കാഴ്ചയെക്കുറിച്ച് ഉറപ്പ് നല്‍കാനായിരുന്നില്ല.

റിയാദിലെത്തി 13 ദിവസം പൂര്‍ത്തിയായിരിക്കുന്നു. തിരികെ ദുബായിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാതെ തിരിച്ചുപോകേണ്ടി വരുമെന്ന് തോന്നിപ്പിച്ച സമയത്താണ് അല്‍ നസ്‌റ് ക്ലബ് ലക്ഷ്യമാക്കിയെത്തിയ വെളുത്ത ബെന്‍ലി കാര്‍ നിര്‍ത്തി. വാഹനത്തിന്റെ ഗ്ലാസ് പതിയെ താഴ്ന്നതോടെ ചെറുപുഞ്ചിരിയോടെ തന്റെ ഇഷ്ടതാരം. വേഗത്തില്‍ കാറിനടുത്തേക്ക് നീങ്ങിയ സിവിന്‍ പഠിച്ചുവെച്ച പോര്‍ച്ചുഗീസ് ഭാഷയില്‍ സ്വയം പരിചയപ്പെടുത്തി. പിന്നാലെ യുഎഇയില്‍ നിന്നും കാല്‍നടയായി എത്തിയ കാര്യം പറഞ്ഞു. പെ്‌ട്ടെന്ന് കയ്യില്‍ കരുതിയ ജഴ്‌സിയില്‍ താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കൂടെ ഒരു സെല്‍ഫിയും പകര്‍ത്തിയ ശേഷം താരം കടന്നുപോയി. ഒന്നര മിനുട്ട് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയിലൂടെ സ്വപ്‌നം സാക്ഷാത്കരിച്ച സിവിന്‍ ഹാപ്പിയാണ്.

Read Also : മകളുടെ സ്വപ്നത്തിനായി വീട് വിറ്റ പിതാവ്; ഇന്നവൾ രാജ്യത്തിനഭിമാനമായ അർജുന അവാർഡ് ജേതാവ്!

നേരത്തെ 2021-ല്‍ 3200 കിലോമീറ്റര്‍ താണ്ടി കാല്‍നടയാത്ര നടത്തിയത് ഏറെ ശ്ര്ദ്ധിക്കപ്പെട്ടിരുന്നു. ഈ അനുഭവങ്ങളുടെ കരുത്തിലാണ് സിവിന്‍ റിയാദിലേക്ക് കാല്‍നട യാത്ര നടത്താന്‍ പ്രചോദനമായത്. ഇഷ്ടതാരത്തെ യൂറോപ്പില്‍ പോയി കാണുക എന്നത് ഏറെ അസ്ധ്യമായ കാര്യമാണ്. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ അല്‍ നസ്രില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ താരത്തെ കാണാന്‍ ഇതിലും മികച്ച ഒരു അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയ സിവിന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും അവധിയും വാങ്ങി റിയാദിലേക്ക് വച്ചു പിടിക്കുകയായിരുന്നു.

Story highlights : Kozhikode native Civin walked1200 km to meet Cristiano Ronaldo