മകളുടെ സ്വപ്നത്തിനായി വീട് വിറ്റ പിതാവ്; ഇന്നവൾ രാജ്യത്തിനഭിമാനമായ അർജുന അവാർഡ് ജേതാവ്!

April 24, 2024

450 വർഷത്തെ പാരമ്പര്യമുള്ള ജയ്പ്പൂരിലെ മുണ്ടോട്ട കൊട്ടാരത്തിൽ വളർന്ന ദിവ്യകൃതി സിംഗ് റാത്തോറിന്റെ വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു കുതിരകൾ. തലമുറകളായി അവരുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു കുതിരകൾ. ദിവ്യയുടെ മുത്തച്ഛന്മാർ ഇന്ത്യൻ സൈനികരും പിതാവ് പോളോ കളിക്കാരനുമായതോടെ കുഞ്ഞ് ദിവ്യയുടെ ബാല്യകാലം മുതലുള്ള ഓർമകളിൽ കുതിരകളുടെ സാന്നിധ്യം പ്രകടമായിരുന്നു. (Equestrian Gold Medallist Divyakriti Singh’s Story of Triumph)

കുട്ടിക്കാലത്ത് ബോർഡിങ്ങ് സ്‌കൂളിൽ പഠിക്കുമ്പോൾ കുതിര സവാരി മത്സരങ്ങളിൽ പങ്കെടുത്താൽ മാതാപിതാക്കളെ കാണാൻ സാധിക്കുന്നത് കൊണ്ട് മാത്രം കുതിര സവാരിയിൽ പങ്കെടുക്കുമായിരുന്നു ദിവ്യ. എന്നാൽ യഥാർത്ഥത്തിലുള്ള കഥ ആരംഭിക്കുന്നത് മയോ ഗേൾസ് ബോർഡിംഗ് സ്കൂളിൽ നിന്നാണ്. ഒരു കുതിരയും റൈഡറും തമ്മിലുള്ള ബന്ധം എത്ര ആഴുമുള്ളതാണെന്ന് മനസ്സിലാക്കിയതോടെ ദിവ്യ കുതിരസവാരിയുമായി പ്രണയത്തിലാകുകയായിരുന്നു. മറ്റൊരു കായിക ഇനത്തിലും ഇത്തരത്തിലുള്ള ആത്മബന്ധം കാണാൻ സാധിക്കില്ല. സത്യത്തിൽ ഒരു റൈഡറിന്റെ യഥാർത്ഥ തോഴൻ അയാളുടെ കുതിര തന്നെയാണ്.

ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ പഠിക്കുമ്പോൾ സ്വന്തമായി കുതിരയില്ലാത്തതിനാൽ രണ്ടുവർഷത്തോളം ദിവ്യകൃതി മത്സരങ്ങളിൽ പങ്കെടുത്തില്ല. യൂണിവേഴ്സിറ്റി പഠനത്തിന്റെ അവസാന വർഷമാണ് ഏഷ്യൻ ഗെയിംസിന് ശ്രമിക്കണമെന്ന ആഗ്രഹം ദിവ്യയുടെ ഉള്ളിലുണ്ടായത്. അപ്പോഴേക്കും ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും യുഎസിലെ ഫ്ലോറിഡയിലും മറ്റും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും പരിചയസമ്പന്നയായിരുന്നു അവൾ.

Read also: കാർലോസ് കൈസർ – ലോക ഫുട്ബോളിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ..!

ഉയരങ്ങളിലേക്കുള്ള യാത്രയിൽ ദിവ്യ നേരിട്ട നിരവധി വെല്ലുവിളികളിൽ പ്രധാനം അവളുടെ വീടിൻ്റെ വിൽപ്പനയായിരുന്നു. അവളുടെ പരിശീലനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിതാവ് വീട് വിൽക്കാൻ വരെ തയ്യാറായിരുന്നു. മകൾക്കും രാജ്യത്തിന്റെ ഉന്നതിക്കും വേണ്ടി എത്ര തവണ വേണമെങ്കിലും അത് ആവർത്തിക്കാൻ തനിക്ക് മടിയില്ലെന്നും ദിവ്യയുടെ പിതാവ് പറയുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനത്തിൻ്റെ ഫലമായി, ദിവ്യ തൻ്റെ പരിശീലനത്തിൽ സ്ഥിരത പുലർത്തുകയും തൻ്റെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്തു.

2020-ൽ ദിവ്യ ഡെൻമാർക്കിലേക്ക് താമസം മാറി. അവിടെ വെച്ച് അവൾക്ക് ആദ്യത്തെ ഡാനിഷ് വാംബ്ലഡ് കുതിരയായ സ്റ്റോമിനെ ലഭിച്ചു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അവൾ 9 മാസം യൂറോപ്പിൽ തുടരുകയും പരിശീലനം തുടരുകയും ചെയ്തു. നവംബറിൽ അവൾ ഇന്ത്യയിൽ തിരിച്ചെത്തി ഏഷ്യൻ ഗെയിംസിനായി ട്രയൽസ് നടത്തി. എന്നാൽ ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് കൊവിഡ് മൂലം ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവച്ചു. വിജയങ്ങളും പരാജയങ്ങളുമുണ്ടായിരുന്നു, ഉറക്കമില്ലാത്ത രാത്രികളുണ്ടായിരുന്നു, പരാജയപ്പെട്ടാൽ എന്തുചെയ്യുമെന്ന് ചിന്തിച്ച് അവൾ കരയുമായിരുന്നു.

എന്നാൽ 2023-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടി ഇന്ത്യൻ ഡ്രെസ്സേജ് ടീം സൃഷ്ഠിച്ചത് ചരിത്രമായിരുന്നു. 41 വർഷത്തിനിടെ ആദ്യമായാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. സുദീപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛേദ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീം അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിൽ തൻ്റെ വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ് ദിവ്യ.

അശ്വാഭ്യാസത്തിൽ അഭിമാനകരമായ അർജുന അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രവും ദിവ്യ സൃഷ്ടിച്ചു. ഇത് ഇന്ത്യൻ കായികരംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ്. ദിവ്യകൃതിയുടെ നേട്ടം വ്യക്തിപരമായ വിജയം മാത്രമല്ല രാജസ്ഥാന്റെ മുഴുവൻ നേട്ടമാണ്. മറ്റ് താരങ്ങൾക്ക് മികവിൻ്റെയും പ്രചോദനത്തിൻ്റെയും പ്രതീകമായി, പോയ വർഷം അർജുന അവാർഡ് ലഭിക്കുന്ന സംസ്ഥാനത്തിൻ്റെ ഏക പ്രതിനിധിയും ദിവ്യയായിരുന്നു.

Story highlights: Equestrian Gold Medallist Divyakriti Singh’s Story of Triumph