കാർലോസ് കൈസർ – ലോക ഫുട്ബോളിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ..!

April 24, 2024

ബ്രസീലുകാര്‍ക്ക് ഫുട്‌ബോള്‍ ജീവനും ജീവിതവുമാണ്. ഫുട്‌ബോള്‍ ലോകം കണ്ട നിരവധി അതികായരായ ഇതിഹാസങ്ങള്‍ പിറവിയെടുത്ത മണ്ണാണ് അത്. വശ്യമനോഹരമായ ഡ്രിബ്ലിങ്ങുകളും ചടുലമായ നീക്കങ്ങളുമെല്ലാം ബ്രസീല്‍ താരങ്ങളെ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിച്ചു. അവസരങ്ങള്‍ തേടി യൂറോപ്പിന്റെ കളിത്തട്ടിലേക്കെത്തിയ അവര്‍ മാന്ത്രിക ഫുട്‌ബോളുമായി ലോകത്തെ വിസ്മയിപ്പിച്ചു. എന്നാല്‍ അതേ ബ്രസീലില്‍ നിന്നുള്ള മറ്റൊരാളുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ ഒരു മത്സരത്തില്‍ പോലും പന്ത് തട്ടിയിട്ടില്ല എന്നതാണ് അവനെ വ്യത്യസ്തനാക്കുന്നത്. പേര് കാര്‍ലോസ് കൈസര്‍. ( The Unbelievable Story of Brazilian footballer Carlos Kaiser )

1963 ഏപ്രില്‍ ഒന്നിന് ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ സോളിലാണ് ജനനം. കാര്‍ലോസ് ഹെന്റിക് റാപോസോ എന്നാണ് മുഴുവന്‍ പേര്. ചെറുപ്പത്തില്‍ ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോറുമായുള്ള സാമ്യമാണ് ‘കൈസര്‍’ എന്ന വിളിപ്പേര് ലഭിച്ചതെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ട്. തന്റെ 13-ാം വയസില്‍ ബ്രസീലിയന്‍ ക്ലബ് ബോട്ടാഫോഗയില്‍ പന്ത് തട്ടിയ കൈസര്‍ ലോകഫുട്‌ബോളിലെ ഏറ്റവും വലിയ തട്ടിപ്പുകാരനായിട്ടാണ് അറിയപ്പെടുന്നത്.

സാധാരണയായി ടീമുകളില്‍ അവസരം കിട്ടാതെ പകരക്കാരുടെ ബെഞ്ചിലിരുന്ന് മടുക്കുന്നതോടെയാണ് പല താരങ്ങളും ടീം വിടുന്നത്. എന്നാല്‍ കൈസറിന്റെ രീതി കുറച്ച് വിചിത്രമായിരുന്നു. അക്കാലത്തെ സ്‌ട്രൈക്കര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളെന്ന് സ്വയം അവകാശം വാദം ഉന്നയിച്ചിരുന്ന കൈസര്‍ ലോക ഫുട്‌ബോളിലെ ഒമ്പത് വ്യത്യസ്ത ക്ലബുകളുടെ ഭാഗമായിരുന്നെങ്കിലും ഒരു പ്രൊഫഷണല്‍ മത്സരത്തിന് പോലും കളത്തിലിറങ്ങിയിരുന്നില്ല.

ഒറ്റനോട്ടത്തില്‍ കൈസറിനെ കണ്ടാല്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറായിട്ട് തോന്നിപ്പിക്കുമായിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അത്ര പറയപ്പെടുന്ന കഴിവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇതോടെ പഠിച്ച കള്ളനായിരുന്ന കൈസര്‍ കളത്തിലിറങ്ങാതിരിക്കുന്നതിനായി നിരവധി തന്ത്രങ്ങള്‍ പയറ്റി. ടീമുകളുമായി ഹ്രസ്വകാല കരാറുകള്‍ ഒപ്പുവയ്ക്കുക. പരിക്ക് പറ്റിയതായി അഭിനയിക്കുക തുടങ്ങിയവയായിരുന്നു കൈസറിന്റെ തട്ടിപ്പുവിദ്യകള്‍.

കരാര്‍ ഒപ്പിടുന്ന ടീമുകളുടെ പരിശീല സെക്ഷനുകളില്‍ നിന്നാണ് കൈസറിന്റെ തട്ടിപ്പുകള്‍ക്ക് തുടക്കമാകുന്നത്. ടീമുകളിലെ പ്രമുഖ താരങ്ങളുമായും മെഡിക്കല്‍ സ്റ്റാഫുകളുമായും മികച്ച സൗഹൃദം സ്ഥാപിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ ആദ്യ പടി. മികച്ച പെരുമാറ്റത്തിലൂടെ എല്ലാവരുടെ ഇഷ്ടതാരമായി മാറിയ ശേഷം ടീമിനൊപ്പം പരിശീലനം നടത്തുകയും മത്സര ദിവസങ്ങള്‍ നഷ്ടപ്പെടുത്താന്‍ കൈസര്‍ വ്യാജ പരിക്ക് അഭിനയിക്കാനും തുടങ്ങി. പരിക്കുകള്‍ സ്ഥിരീകരിക്കാന്‍ ടീം ഡോക്ടറുമായി ഊഷ്മളമായ ബന്ധവും നിലനിര്‍ത്തി.

എന്നാല്‍ അവിടെകൊണ്ടും നിര്‍ത്താനുള്ളതായിരുന്നില്ല കൈസറിന്റെ കള്ളത്തരങ്ങള്‍. മാധ്യമ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതായിരുന്നു അടുത്ത പടി. കൈസറിന്റെ കളിമികവിനെ പുകഴ്ത്തികൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. അതോടൊപ്പം തന്നെ പ്രമുഖ ക്ലബുകളുടെ ഓഫറുകള്‍ ഓഫറുകള്‍ നിരസിക്കുക എന്നതും അദ്ദേഹത്തിന്റെ മറ്റൊരു രീതിയായിരുന്നു. ഇതിനായി അക്കാലത്ത് ജനപ്രിയമല്ലാത്ത ടോയ് മൊബൈല്‍ ഫോണുകളും അദ്ദേഹം ഉപയോഗിച്ചു. വിപണിയിലെ ചൂടന്‍ ടാര്‍ഗെറ്റാണ് താനെന്ന പ്രതിച്ഛായ ഉണ്ടാക്കാനാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്തിരുന്നത്.

ബോട്ടാഫോഗയില്‍ യൂത്ത് കരിയര്‍ ആരംഭിച്ച കൈസര്‍ തൊട്ടടുത്ത വര്‍ഷം ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ഫ്‌ലമെംഗോയിലേക്ക് ചേക്കേറി. തുടര്‍ന്ന് ആറ് വര്‍ഷക്കാലം അവിടെ തുടര്‍ന്നു. പരിശീലന സെഷനിലെ കൈസറിന്റെ പ്രകടനത്തില്‍ മതിപ്പ് തോന്നിയ മെക്‌സിക്കന്‍ ക്ലബ് പ്യൂബ്ല അദ്ദേഹത്തെ ടീമിലെത്തിച്ചു. എന്നാല്‍ തന്റെ കള്ളത്തരം പിടിക്കപ്പെടാതിരിക്കാന്‍ ഷോട് കോണ്‍ട്രാക്റ്റ് ഒപ്പിടുന്നതില്‍ കൈസര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വെറും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന കരാറില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാതെ കൈസര്‍ ബ്രസീലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ശേഷം കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസ്, റിക്കാര്‍ഡോ റോച്ച, റെനാറ്റോ ഗൗച്ചോ തുടങ്ങിയ ഇതിഹാസ ഫുട്‌ബോള്‍ കളിക്കാരുമായി അദ്ദേഹം സൗഹൃദത്തിലായി. ഒരു പുതിയ ക്ലബ്ബിലേക്ക് മാറാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം മികച്ച താരങ്ങളുടെ ശുപാര്‍ശ ലഭിക്കുന്നതിനായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്.

യൂറോപ്പ്, യുഎസ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ക്ലബുകളെ കബളിപ്പിച്ച് കരിയര്‍ മുന്നോട്ടുപോകുന്ന സമയം. ബ്രസീലിലെ ബാംഗു അത്‌ലറ്റിക് ക്ലബ് പരിശീലകന്‍ സൈഡ് ബെഞ്ചിലിരുന്ന കൈസറിനോട് പകരക്കാരനായി കളത്തിലിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെയും കൈസര്‍ ഒരു തന്ത്രം പ്രയോഗിച്ചു. വാം അപ്പ് ചെയ്യുന്നതിനിടയില്‍ ഒരു ആരാധകന്‍ തന്നെ അധിക്ഷേപിച്ചുവെന്ന് കൈസര്‍ വിളിച്ചുകൂവി. ഇതോടെ ആരാധകനുമായി തര്‍ക്കിച്ച കൈസര്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി.

Read Also : വിഴ്ചയിൽ തോറ്റുപോയില്ല, ഒറ്റക്കാലിൽ മത്സരം പൂര്‍ത്തിയാക്കി റെഡ്മണ്ട്; ഇത് യഥാര്‍ഥ സ്പോർട്സ്മാൻ സ്പിരിറ്റ്..!

ബോട്ടാഫോഗോ, ഫ്ലമെംഗോ, പ്യൂബ്ല, ഗസെലെക് അജാസിയോ, ബാംഗു, ഫ്ലുമിനെന്‍സ്, എല്‍ പാസോ സിക്സ്ഷൂട്ടേഴ്സ്, അമേരിക്ക (ആര്‍ജെ), വാസ്‌കോ ഡ ഗാമ എന്നി ക്ലബുകളിലാണ് കൈസര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒടുവില്‍ 1992 ല്‍ തന്റെ ബാല്യകാല ക്ലബായ ബോട്ടാഫോഗോയുടെ ഭാഗമായിരിക്കെ ഒരു മിനിറ്റ് പോലും പ്രഫഷണല്‍ ഫുട്‌ബോള്‍ കളിക്കാതെ തന്റെ സംഭവബഹുലമായ കരിയര്‍ അവസാനിപ്പിച്ചു.

Story highlights : The Unbelievable Story of Brazilian footballer Carlos Kaiser