വിഴ്ചയിൽ തോറ്റുപോയില്ല, ഒറ്റക്കാലിൽ മത്സരം പൂര്‍ത്തിയാക്കി റെഡ്മണ്ട്; ഇത് യഥാര്‍ഥ സ്പോർട്സ്മാൻ സ്പിരിറ്റ്..!

March 12, 2024

നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധിയിലുടെ കടന്നുപോയിട്ടുണ്ടോ..? കാലങ്ങളോളം മനസില്‍ കൊണ്ടുനടന്ന സ്വപ്‌നം നേടിയെടുക്കുന്നതിനായി കുറെയധികം കഠിനാധ്വാനവും ത്യാഗവും എല്ലാം ചെയ്തു. അവസാനം അത് നേടിയെടുക്കുന്നതിന് തൊട്ടുമുമ്പ് പെട്ടെന്ന് വീണുപോയ പോയരവസ്ഥ, പരാജയപ്പെട്ടന്ന് തോന്നുന്ന നിമിഷങ്ങള്‍.. ചുറ്റുമുള്ളവര്‍ കണ്ണില്‍ ഒരു പരാജിതനായി മാറി എല്ലാം നഷ്ടപ്പെട്ടവരായി ഇനി ഒരിക്കലും ആ ലക്ഷ്യത്തിലേക്ക് എത്താനാകില്ലെന്ന് തോന്നിയ നിമിഷങ്ങള്‍. അങ്ങനെയൊരു വീഴ്ചയില്‍ തോറ്റുപോകാതെ ഉയിര്‍ത്തെഴുന്നേറ്റ് ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായ ഒരാളാണ് ഡെറിക് റെഡ്മണ്ട്. ( Derek Redmond’s Iconic Olympic Moment )

ഒളിമ്പിക്സ് അത്‌ലറ്റിക് മേഖലയിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലെ മുന്‍ നിരയിലൊന്നു ഡെറിക് റെഡ്മണ്ട് എന്ന പേര് ഉണ്ടാകില്ല. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റെന്നു കേട്ടാല്‍ ആരാധകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേര് റെഡ്മണ്ടിന്റേതായിരിക്കും. 1992 ബാഴ്സലോണ ഒളിമ്പിക്സിലെ പുരുഷ വിഭാഗം 400 മീറ്റര്‍ സെമിഫൈനല്‍ റെഡ്മണ്ട് നിറകണ്ണുകളോടെ പൂര്‍ത്തിയാക്കിയപ്പോള്‍ സ്റ്റേഡിയത്തിലെ അറുപത്തയ്യായിരം കാണികള്‍ ഏണീറ്റുനിന്നാണ് ആദരിച്ചത്.

ഡെറിക് റെഡ്മണ്ടിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒളിമ്പിക്സ് മെഡല്‍. തൊട്ടു മുന്‍പത്തെ സോള്‍ ഒളിമ്പിക്സില്‍ പരിക്കായിരുന്നു വില്ലന്‍. പരിക്കേറ്റ് പിന്‍മാറിയതോടെ അമേരിക്കയുടെ സ്റ്റീവ് ലൂയിസ് സ്വര്‍ണത്തിലേക്ക് കുതിക്കുന്നത് സൈഡ്‌ലൈനിലിരുന്ന് കാണാനായിരുന്നു റെഡ്മണ്ടിന്റെ വിധി. എന്നാല്‍ തൊട്ടടുത്ത ബാഴ്സലോണ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന നിശ്ചയദാര്‍ഡ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. 400 മീറ്റര്‍ സ്പ്രിന്റില്‍ ബ്രിട്ടന്റെ ദേശിയ റെക്കോഡിന് ഉടമയായിരുന്ന റെഡ്മണ്ട്, ആ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.

ബാഴ്‌സലോണയിലെ ട്രാക്കിലും വിജയം ആവര്‍ത്തിക്കാനെത്തിയ ഡെറികിന് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. അസാധ്യവേഗതയില്‍ കുതിച്ച ഡെറിക്, കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. രണ്ടാം ഹീറ്റ്‌സിലും മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയ ഡെറികിന്റെ ആത്മവിശ്വാസം ഇരട്ടിയായി. ഇനി സെമി ഫൈനലില്‍ നിന്നും ഫൈനലിലേക്ക്.. അവിടെ നിന്നും അച്ഛന്റെ കൈപിടിച്ച് കുഞ്ഞു ഡെറിക് കണ്ട സ്വപ്‌നമായ ഒളിമ്പിക്‌സ് മെഡലിലേക്ക്.

ബാഴ്‌സലോണ സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത ആരാധകര്‍ക്ക് മുന്നില്‍ 400 മീറ്റര്‍ സെമി മത്സരത്തിന് തുടക്കമായി. ആദ്യ റൗണ്ടുകളിലെ വിജയങ്ങള്‍ റെഡ്മണ്ടിന് പകര്‍ന്ന ആത്മവിശ്വാസം തെല്ലും ചെറുതായിരുന്നില്ല. പക്ഷെ 150 മീറ്റര്‍ പിന്നിട്ടപ്പോള്‍ റെഡ്മണ്ട് ട്രാക്കില്‍ വീണുപോയി. വലതുകാലിലെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റതോട വേദനയില്‍ പുളഞ്ഞ ഡെറികിനടുത്തേക്ക് മെഡിക്കല്‍ സംഘം ഓടിയെത്തി. എണീറ്റു നിന്നപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു.

പക്ഷെ അസാധാരണമായ സ്പോര്‍ട്‌സ്മാന്‍ സ്പിരിറ്റുകളിലൊന്നിനാണ് കായിക ലോകം സാക്ഷിയായത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് അവന്‍ ഓടിത്തുടങ്ങി. ഡെറികിന്റെ അസാമാന്യ പോരാട്ടവീര്യം കണ്ട കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ മുടന്തിയോടുന്ന റെഡ്മണ്ടിനടുത്തേക്ക് സുരക്ഷ ഭടന്‍മാരെ വെട്ടിച്ച് ഇതിനിടിയില്‍ ഒരാള്‍ ഓടിയെത്തി. നീ നിന്റെ കാലുകളെ പുണരുമോ ഇന്ന് –
അയാളുടെ ടീ-ഷര്‍ട്ടിലെ വാചകമായിരുന്നു അത്. പിതാവ് ജിം റെഡ്മണ്ടായിരുന്നു അത്. കുട്ടിക്കാലം മുതല്‍ തന്റെ മകന്‍ കണ്ട സ്വപനം കണ്‍മുന്നില്‍ വച്ച് തകര്‍ന്നുപോകുന്നത് കാണാന്‍ അദ്ദഹത്തിനാകുമായിരുന്നില്ല. വേദന കടിച്ചമര്‍ത്തി മുന്നോട്ടോടിയ ഡെറികിനെ ചേര്‍ത്തുപിടിച്ച് അദ്ദേഹം കൂടെയോടി. ഇരുവരും ചേര്‍ന്ന് ഫിനിഷിംഗ് ലൈന്‍ തൊട്ട നിമിഷം ഒളിമ്പിക്സ് ചരിത്രത്തിലെ മനോഹരമായ അധ്യായമായി മാറി.

Read Also : 11 വർഷമായി കുടുംബത്തെ കണ്ടിട്ടില്ല; ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരന് വിമാന ടിക്കറ്റ് സമ്മാനിച്ച് കോളേജ് വിദ്യാർത്ഥികൾ- വിഡിയോ

1992 സമ്മര്‍ ഒളിമ്പിക്‌സിലെ 400 മീറ്ററിലെ വിജയി ആരാണെന്ന് ഇന്നാരും ഓര്‍ത്തുവയക്കുന്നില്ല. മത്സരത്തിന് ശേഷം ക്യാമറക്കണ്ണുകളെല്ലാം തിരിഞ്ഞത് ഒന്നാം സ്ഥാനക്കാരിലേക്കായിരുന്നില്ല. പകരം പാതിവഴിയില്‍ വീണുപോയിട്ടും മത്സരം പൂര്‍ത്തിയാക്കിയ ഡെറിക്കിലേക്കാണ്. മത്സരത്തില്‍ തോറ്റെങ്കിലും ലക്ഷക്കണക്കിന് ജനമനസുകളില്‍ വിജയിച്ചവനായിട്ടാണ് ഡെറിക് ട്രാക്കില്‍ നിന്നും മടങ്ങിയത്.

Story highlights : Derek Redmond’s Iconic Olympic Moment