11 വർഷമായി കുടുംബത്തെ കണ്ടിട്ടില്ല; ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരന് വിമാന ടിക്കറ്റ് സമ്മാനിച്ച് കോളേജ് വിദ്യാർത്ഥികൾ- വിഡിയോ

March 12, 2024

നന്മയുടെ വിളനിലമായി വിദ്യാർത്ഥികൾ വളർന്നുവരേണ്ട ഇടമാണ് കലാലയങ്ങൾ. കേരളത്തിൽ അതിന് വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറുകയാണ് അടുത്തകാലത്തായി. തീവ്രമായ രാഷ്ട്രീയത്തിൽ അടിയുറച്ച രീതികൾ കുട്ടികളുടെ ജീവന് തന്നെ അപകടം സൃഷ്ടിക്കുമ്പോൾ ഹൃദയംതൊടുന്ന ഒരു പ്രവർത്തിയിലൂടെ ലോകത്തെ അമ്പരപ്പിക്കുകയാണ് വിദേശത്തെ ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികൾ.

കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് ഹൃദ്യമായ ഒരു സമ്മാനം നൽകി വിസ്മയിപ്പിക്കുകയായിരുന്നു കുട്ടികൾ. അദ്ദേഹം 11 വർഷമായിരുന്നു സ്വന്തം നാട്ടിൽ പോയിട്ട്. കുടുംബത്തെ കാണാൻ സാധിക്കാതെ അയാൾ ഇത്രവർഷം കോളേജ് സെക്യൂരിറ്റി ജീവനക്കാരനായി കഴിഞ്ഞുകൂടി. ശമ്പളത്തിൽ നിന്നും യാത്രയ്ക്കും കുടുംബച്ചെലവുകൾക്കും നൽകാൻ തികയാത്ത അവസ്ഥയിൽ പലരും അകാലത്തിന്റെ വേദന ഉള്ളിലൊതുക്കി കഴിയുന്നത് പതിവാണ്.

ഇപ്പോഴിതാ, സ്വന്തം നാട്ടിലേക്ക് വിമാന ടിക്കറ്റുമായി സെക്യൂരിറ്റി ജീവനക്കാരനെ അത്ഭുതപ്പെടുത്തുന്ന കോളേജ് വിദ്യാർത്ഥികളുടെ ഹൃദയസ്പർശിയായ വിഡിയോ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഗുഡ് ന്യൂസ് മൂവ്‌മെൻ്റ് പങ്കിട്ട വിഡിയോ, 11 വർഷമായി നൈജീരിയയിൽ താമസിക്കുന്ന തൻ്റെ കുടുംബത്തെ കാണാത്ത സെക്യൂരിറ്റി ഗാർഡിൻ്റെ വൈകാരിക പ്രതികരണം പങ്കുവയ്ക്കുന്നു.

വിദ്യാർത്ഥികളിലൊരാൾ സെക്യൂരിറ്റി ഗാർഡിനോട് സർപ്രൈസ് പങ്കുവയ്ക്കുമ്പോൾ വിഡിയോ ആരംഭിക്കുന്നു. വിദ്യാർത്ഥി പറയുന്നു, “നിങ്ങളും കുടുംബത്തിൻ്റെ ഭാഗമാണ്, നിങ്ങളുടെ കുടുംബത്തെ നൈജീരിയയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും അറിയാം. അതിനാൽ നൈജീരിയയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകളാണ് നിങ്ങൾക്ക് ഞങ്ങളുടെ സമ്മാനം’- വിദ്യാർത്ഥി ഇത് പറയുമ്പോൾ, സെക്യൂരിറ്റി ഗാർഡിന് വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. മറ്റു വിദ്യാർത്ഥികൾ ‘ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ജെയിംസ്’ എന്ന് പറഞ്ഞുകൊണ്ട് ഓടിയെത്തുമ്പോൾ അയാൾ കുനിഞ്ഞിരുന്ന് കരയുകയാണ്.

Read also: പത്താം ക്ലാസിൽ പഠനം നിർത്തി, കുടുംബം നോക്കാൻ തിയേറ്ററിൽ സ്‌നാക്‌സ് വിറ്റു; ഇന്ന് 5000 കോടി മൂല്യമുള്ള കമ്പനി ഉടമ

വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞുകൊണ്ട് സെക്യൂരിറ്റി ഗാർഡ് പറയുന്നു,’എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഞാൻ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും’.11 വർഷത്തിനിടെ ആദ്യമായി നൈജീരിയയിൽ തൻ്റെ കുടുംബത്തെ കാണാൻ വീട്ടിലേക്ക് പോകാനുള്ള ഫണ്ടുമായി വിദ്യാർത്ഥികൾ സെക്യൂരിറ്റി ഗാർഡ് ജെയിംസിനെ ബുധനാഴ്ച രാത്രി അത്ഭുതപ്പെടുത്തി എന്നതാണ് വിഡിയോയുടെ അടിക്കുറിപ്പ്. എന്തായാലും അക്ഷരാർത്ഥത്തിൽ പ്രേക്ഷകർക്കും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു ഈ കാഴ്ച.

Story highlights- College students surprise security guard with plane tickets