ഡൽഹിയുടെ റൺമല താണ്ടാനായില്ല; പത്ത് റൺസകലെ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്

April 27, 2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റണ്‍മല പിറന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പത്ത് റണ്‍സ് ജയത്തോടെയാണ് ഡല്‍ഹി സീസണിലെ അഞ്ചാം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, ജാക് ഫ്രേസര്‍ മഗുര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 247 റണ്‍സ് വരെ പൊരുതിയെങ്കിലും പത്ത് റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ( Delhi Capitals VS Mumbai Indians IPL 2024 )

ഡല്‍ഹി ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ മുംബൈ തോല്‍വി മുന്നില്‍കണ്ടതാണ്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 24 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദികിനെ റാസിക് സലാം പുറത്താക്കി. അതേ ഓവറില്‍ നേഹല്‍ വധേരയും നാല് റണ്‍സുമായി മടങ്ങി.

പിന്നീടെത്തിയ ടിം ഡേവിഡ് കൂറ്റനടികളോടെ പ്രതീക്ഷ നല്‍കി. എന്നാല്‍ 18-ാം ഓവറിലെ നാലാം പന്തില്‍ 17 പന്തില്‍ 37 റണ്‍സുമായി ഡേവിഡ് പുറത്തായി. തൊട്ടടുത്ത ഓവറില്‍ നബിയും മടങ്ങി. അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ റണ്ണൗട്ടായതോടെ മുംബൈ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. 32 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ഡല്‍ഹി നിരയില്‍ റാസിഖ് സലാം, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്നും ഖലീല്‍ അഹ്‌മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Read Also : ക്രേസി ഫ്രേസർ..! മുംബൈയ്‌ക്കെതിരെ റൺമല തീർത്ത് ഡൽഹി ക്യാപിറ്റൽസ്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ജാക് ഫ്രേസര്‍ മഗുര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് 250 കടന്നത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്സും ഷായ് ഹോപ്പും സ്‌കോറിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കി.

Story highlights : Delhi Capitals VS Mumbai Indians IPL 2024