ക്രേസി ഫ്രേസർ..! മുംബൈയ്ക്കെതിരെ റൺമല തീർത്ത് ഡൽഹി ക്യാപിറ്റൽസ്
ഐപിഎല് മുംബൈ ഇന്ത്യന്സിനെതിരെ റണ്മല തീര്ത്ത് ഡല്ഹി ക്യാപിറ്റല്സ്. ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഡല്ഹി ക്യാപിറ്റല്സ് 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 257 റണ്സാണ് അടിച്ചെടുത്തത്. ഓപ്പണിങ് ബാറ്ററായ ജാക്ക് ഫ്രേസര് മഗുര്ക്ക് തകര്ത്തടിച്ചതാണ് ഡല്ഹി സ്കോറിന് മികച്ച അടിത്തറ നല്കിയത്. 27 പന്തുകളില് ആറ് സിക്സും 11 ഫോറുകളും ഉള്പ്പെടെ 84 റണ്സാണ് ഫ്രേസര് അടിച്ചെടുത്തത്. അവസാന ഓവറുകളില് അടിച്ചുതകര്ത്ത ട്രിസ്റ്റന് സ്റ്റബ്സ് 25 പന്തില് 48 റണ്സ് നേടി. ( Delhi Capitals VS Mumbai Indians IPL 2024 )
ഇന്നിങ്സിന്റെ ആദ്യ പന്ത് മുതല് തകര്ത്തടിച്ച ഫ്രേസര് മഗുര്ക്ക് അക്ഷരാര്ഥത്തില് ബാറ്റിങ് വിരുന്നൊരുക്കിയാണ് മടങ്ങിയത്. ലൂക് വുഡ് എറിഞ്ഞ ആദ്യ ഓവറില് മൂന്ന് ഫോറുകളും ഒരു സിക്സറും അടക്കം 19 റണ്സടിച്ച ഓസീസ് യുവതാരം 15 പന്തിലാണ് അര്ധസെഞ്ച്വറി കടന്നത്. ഈ സീസണില് ഹൈദരാബാദിനെതിരെ 15 പന്തില് 50 പിന്നിട്ട താരം ഈ നേട്ടം പിന്നിടുന്ന മൂന്നാമത്തെ താരമായി മാറി. കരീബിയന് പവര് ഹിറ്റര്മാരായ സുനില് നരെയ്ന്, ആന്ദ്രെ റസല് എന്നിവരാണ് ഈ നേട്ടം പിന്നിട്ടവര്.
ഫ്രേസര് മഗുര്ക്ക് തകര്ത്തടിച്ചതോടെ മറുവശത്ത് കാഴ്ച്ചക്കാരന്റെ റോളായിരുന്നു സഹ ഓപ്പണറായ അഭിഷേക് പോറിലിനുണ്ടായിരുന്നത്. ആദ്യ മൂന്നോവറിനുള്ളില്ത്തന്നെ ടീം സ്കോര് 50 കടന്നപ്പോള് 46 റണ്സും ഓസീസ് താരത്തിന്റെ ബാറ്റില് നിന്നാണ് പിറന്നത്. വെറും ആറ് റണ്സ് മാത്രമാണ് അഭിഷേക് നേടിയത്. പവര്പ്ലേയില് ടീം സ്കോര് 92 പിന്നിട്ടപ്പോള് 78 റണ്സും മഗുര്ക്കാണ് നേടിയത്. പവര്പ്ലേയില് ഒരു ബാറ്റര് നേടുന്ന മികച്ച മൂന്നാമത്തെ സ്കോറാണ് ഇത്. ഒടുവില് എട്ടാം ഓവറില് പിയൂഷ് ചൗളയുടെ പന്തില് മുഹമ്മദ് നബിക്ക് ക്യാച്ച് നല്കിയാണ് പുറത്തായത്.
പിന്നീട് ക്രീസിലെത്തിയ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസ് താരത്തിന്റെ അത്ര പ്രഹരശേഷിയില് ബാറ്റുവീശിയില്ലെങ്കിലും ടീം സ്കോറിങ്ങില് നിര്ണായക പങ്കുവഹിച്ചു. അഭിഷേക് പോറല് (27 പന്തില് 36), ഷായ് ഹോപ്പ് (17 പന്തില് 41), ഋഷഭ് പന്ത് (19 പന്തില് 29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്. 25 പന്തില് 48 റണ്സെടുത്ത ട്രിസ്റ്റന് സ്റ്റബ്സും ആറ് പന്തില് 11 റണ്സും നേടിയ അക്സര് പട്ടേലും പുറത്താകാതെ നിന്നു.
Story highlights : Delhi Capitals VS Mumbai Indians IPL 2024