എന്റെ ആഫ്രിക്കൻ തത്തയെ കണ്ടവരുണ്ടോ..? പത്രത്തിൽ പരസ്യം നല്‍കി യുവാവ്‌

January 22, 2024

വീട്ടിലെ ഒരംഗത്തെ പോലെ അല്ലെങ്കില്‍ അതിലുപരിയായി ഓമനിച്ച് വളര്‍ത്തുന്ന പക്ഷികളെയും മൃഗങ്ങളെയും കാണാതാകുന്നതും അവയെ കണ്ടെത്തി തിരികെയേല്‍പിക്കുന്നവര്‍ക്ക് പരിതോഷികം നല്‍കുന്നതുമെല്ലാം ഇപ്പോള്‍ സാധാരണയാണ്. അത്തരത്തിലൊരു പത്രവാര്‍ത്തയാണ് വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന ‘പപ്പു’ എന്ന് വിളിക്കുന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റിനെ കാണാനില്ലെന്നാണ് യുവാവ് പത്ര പരസ്യം നല്‍കിയത്. തിരുവനന്തപുരം സ്വദേശിയായ വിഷ്ണുമോഹനാണ് പരസ്യം നല്‍കിയത്. ( Trivandrum man gives missing Ad to find African gray parrot )

വാതില്‍ തുറന്ന സമയത്ത് തത്ത പുറത്തേക്ക് പറന്നുപോകുകയായിരുന്നു. റോഡരികിലെ തെരുവ് വിളക്കിനടുത്ത് പറന്നിരുന്ന തത്തയെ കാക്കകള്‍ ഉപദ്രവിച്ചു. ഇതോടെ ജീവന്‍ രക്ഷിക്കുന്നതിനായി തത്ത ദൂരേക്ക് പറന്നുപോകുകയായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്.

ഏറിയ സമയവും കൂട്ടിലിട്ട് വളര്‍ത്തിയതിനാല്‍ ഈ പക്ഷിയ്ക്ക് പുറംലോകവുമായി അധികം ബന്ധമുണ്ടായിരുന്നില്ല. തത്തയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു. ഇതുവരെ തത്തയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

Read Also : അരുമയായ പൂച്ചയെ കാണാതായി; കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം

ചാര നിറത്തിലാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റിനെ കാണപ്പെടുന്നത്. വാലിനും തൂവലിനും ചെറിയ ചുവപ്പ് നിറവുമുണ്ട്. സാധാരണയായി വീടുകളിലെല്ലാം വളര്‍ത്തുന്ന പക്ഷിയിനമാണെങ്കിലും ഇവയുടെ വ്യാപാരം അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ചിട്ടുണ്ട്. 1994നും 2003നും ഇടയില്‍ ഏകദേശം 3,59,000 ഗ്രേ പാരറ്റുകള്‍ അന്താരാഷ്ട്ര തലത്തില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story highlights : Trivandrum man gives missing Ad to find African gray parrot