അരുമയായ പൂച്ചയെ കാണാതായി; കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം

January 9, 2024

വീട്ടിലെ ഒരംഗത്തെ പോലെ അല്ലെങ്കില്‍ അതിലുപരിയായി ഓമനിച്ച് വളര്‍ത്തുന്ന പൂച്ചയെയും നായയുമെല്ലാം കാണാതാകുന്നതും അവയെ കണ്ടെത്തി തിരികെയേല്‍പിക്കുന്നവര്‍ക്ക് പരിതോഷികം നല്‍കുന്നതുമെല്ലാം ഇപ്പോള്‍ സാധാരണയാണ്. അത്തരത്തിലൊരു കാണാതായ പൂച്ചയ്ക്കായുള്ള തെരച്ചിലിലാണ് നോയിഡ സെക്ടര്‍ 62-ലെ താമസക്കാര്‍. ഡിസംബര്‍ 24 മുതല്‍ കാണാതായ ഈ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഉടമ പ്രഖ്യാപിച്ച പാരിതോഷികം തന്നെയാണ് ഇതിന് പിന്നിലെ കാരണം. ഉടമയായ അജയ് കുമാര്‍ പ്രഖ്യാപിച്ച പ്രതിഫലം ഒരു ലക്ഷം രൂപയാണ്. ( Owner offer Rs 1 lakh reward to find their missing cat )

കണ്ടെത്തുന്നതിനായി പൂച്ചയുടെ ചിത്രം ഇതിനകം നഗരം മുഴുവന്‍ പതിപ്പിച്ചുട്ടുണ്ട്. പക്ഷേ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും പൂച്ചയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒന്നര വയസുള്ള ചീക്കു എന്ന പേരിലുള്ള പൂച്ചയെ നോയിഡയിലെ സെക്ടര്‍ 62 -ലെ ഹാര്‍മണി അപ്പാര്‍ട്ട്മെന്റിലെ വീട്ടില്‍ നിന്നാണ് കാണാതെന്നാണ് ഉടമ പറയുന്നത്.

കാണാതായ ദിവസം പതിവുപോലെ പൂച്ച എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണെന്നാണ് അജയ് കുമാറും ഭാര്യ ദീപയും കരുതിയത്. എന്നാല്‍ സമയം ഒരുപാട് പിന്നിട്ടിട്ടും പുച്ച തിരികെയെത്താതിരുന്നതോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സാമൂഹിക മാധ്യമങ്ങളിലും പുച്ചയുടെ വിവരങ്ങള്‍ പങ്കുവച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവില്‍ ചീക്കുവിന്റെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങിയ പോസ്റ്ററുകള്‍ നോയിഡ നഗരത്തിലെങ്ങും പതിപ്പിക്കുകയായിരുന്നു. സ്വര്‍ണനിറത്തിലുള്ള രോമങ്ങളാണ് പുച്ചയ്ക്കുള്ളതെങ്കിലും കഴുത്തില്‍ മാത്രം കുറച്ച് വെളുത്ത രോമങ്ങളുണ്ടെന്നാണ് അടയാളമായി പറയുന്നത്. പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്ററിലും പറയുന്നത്. ഒപ്പം അജയ് കുമാറിന്റെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഏതായാലും പൂച്ചയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ പ്രദേശത്തുള്ളവര്‍.

Read Also : ‘കാഴ്ചകൾ മനോഹരം, സംഗീതം അതിലേറെ’; ഇത് ഗായകൻ മുരളി ഗോപി

പൂച്ച പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇനങ്ങളിലൊന്നാണ് പേര്‍ഷ്യന്‍ പൂച്ചകള്‍. ഇന്ത്യന്‍ വിപണിയില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വില. അതുകൊണ്ടുതന്നെ പൂച്ചയുടെ വിലയെക്കുറിച്ച് അറിവുള്ളവര്‍ മോഷ്ടിച്ചാതാകാമെന്നാണ് അജയ് കുമാറും ഭാര്യയും പറയുന്നത്.

Story highlights : Owner offer Rs 1 lakh reward to find their missing cat