‘ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വരുന്നു’; മണ്ണിനടിയിൽ നിന്ന് കോടിക്കണക്കിന് പ്രാണികൾ ഒന്നായി പുറത്ത് വരുന്ന അപൂർവ പ്രതിഭാസം!

February 4, 2024

അവിശ്വസനീയമായ അനേകം പ്രതിഭാസങ്ങൾ നമുക്ക് ചുറ്റും പ്രകൃതി ഒരുക്കാറുണ്ട്. ഓരോ തവണയും അത്തരത്തിൽ ഒന്നിനെ കുറിച്ച് കേൾക്കുമ്പോഴോ കാണുമ്പോഴോ ഇത്രയധികം വൈവിധ്യമാർന്ന ജീവജാലങ്ങൾ നമ്മൾ ജീവിക്കുന്ന അതേ ഭൂമിയിൽ ഉണ്ടെന്ന തിരിച്ചറിവ് നമ്മെ അത്ഭുതപ്പെടുത്തും. അത്തരമൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. (Rare Emergence of Cicada insects after 221 years)

221 വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയ കാഴ്ചയൊരുക്കാൻ തയ്യാറെടുക്കുന്നത് ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ്. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം നൂറുകോടി പ്രാണികളാണ് ഈ വർഷം മണ്ണിനടിയിൽ നിന്ന് ഒരുമിച്ച് പുറത്തേക്ക് വരുന്നത്.

17 വർഷം ജീവചക്രമുള്ള സിക്കാഡകളും,13 വർഷം ജീവചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്ന് വരുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. 2024 -നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും ഇത്തരത്തിൽ ഒരു വരവുണ്ടാകൂ. ഈ പ്രതിഭാസം അവസാനമായി ഉണ്ടായത് 1803 -ലാണ്.

Read also: മരണമടഞ്ഞ വ്യക്തിയുടെ അലമാരയിൽ കണ്ടെത്തിയ 285 വർഷം പഴക്കമുള്ള നാരങ്ങ; ലേലത്തിൽ വിറ്റുപോയത് ലക്ഷങ്ങൾക്ക്!

ഒരു മാസത്തോളമാണ് കൂട്ടമായി വരുന്ന ഇവയുടെ സാന്നിധ്യം നീണ്ടുനിൽക്കുക. പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറിൽ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്ക്. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. അയോവ, വിസ്കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലായിരിക്കും ബ്രൂഡ് XIII ഇനത്തെ ഏറ്റവും അധികം കാണാനാകുന്നത്.

ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ് സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത്. ആയുസിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്ന പ്രാണികളാണ് സിക്കാഡകൾ. പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള സമയം മാത്രമാണ് ഇവയ്ക്ക് ലഭിക്കുക. പെൺ വർഗ്ഗത്തെ ആകർഷിക്കാൻ ആൺ സിക്കാഡകൾ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികൾ കൂട്ടം ചേർന്ന് ശബ്ദം ഉണ്ടാക്കുന്നതിനാൽ ഇവയുടെ സാന്നിധ്യമുള്ള മേഖലകളിൽ എപ്പോഴും പ്രത്യേകതരം ശബ്ദം കേൾക്കാനാകും.

Story highlights: Rare Emergence of Cicada insects after 221 years