സ്‌നേഹപൂര്‍വ്വം അവര്‍ ആ കുഞ്ഞിനെ വിളിച്ചു; ‘ഏഷ്യന്‍ ഗെയിംസ്’

August 23, 2018

തലവാചകം കണ്ട് നെറ്റി ചുളിക്കേണ്ട, ഇന്‍ഡോനേഷ്യയിലെ ഒരു ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനിട്ട പേരാണ് ഏഷ്യന്‍ ഗെയിംസ്. സ്വന്തം നാട്ടില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ കായിക മാമാങ്കം അരങ്ങേറുമ്പോള്‍ അതിനൊപ്പം തങ്ങളുടെ മകളും ഓര്‍മ്മിക്കപ്പെടാന്‍ വേണ്ടിയാണ് ഇത്തരമൊരു സാഹസത്തിന് മാതാപിതാക്കള്‍ മുതിര്‍ന്നത്.

‘ആബിദ ഏഷ്യന്‍ ഗെയിംസ്’ എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ആബിദ എന്ന പേരിന്റെ ആദ്യഭാഗം മാതാപിതാക്കള്‍ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എന്തായിരിക്കണമെന്ന സംശയം നിഴലിക്കെയാണ് യോര്‍ദാനിയ ഡെന്നി- വേര ദമ്പതികള്‍ കുഞ്ഞിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് കണ്ടെത്തിയത്. ഇന്‍ഡോനേഷ്യയിലെ പാലേംബാംഗില്‍ ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനചടങ്ങ് നടന്നതിന്റെ ഒരുമാസം മുമ്പായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങളുടെ കുഞ്ഞിന്റെ പേര് ചരിത്രത്താളുകളില്‍ നിലനില്‍ക്കട്ടെയെന്നാണ് യോര്‍ദാനിയ ഡെന്നി-വേര ദമ്പതികളുടെ ആഗ്രഹം

പാലേംബാംഗിലെ ജനങ്ങള്‍ വളരെ ആഘോഷത്തോടെയും താല്‍പര്യത്തോടെയുമാണ് കായിക മാമാങ്കങ്ങളെ എതിരേല്‍ക്കുന്നത്. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഇവിടെ ഇത്തരം കായിക മാമാങ്കങ്ങള്‍ അരങ്ങേറുന്നതും. ജനങ്ങള്‍ ആകാംഷപൂര്‍വ്വം വരവേല്‍ക്കുന്ന കായികമാമാങ്കങ്ങള്‍ നഗരത്തിലെ മിക്ക റെസ്റ്റോറന്റുകളിലും തല്‍സമയ സംപ്രേക്ഷണം ചെയ്യാറുണ്ട്.

തങ്ങളുടെ മകള്‍ വലുതാകുമ്പോള്‍ സ്‌പോര്‍ട്‌സ് ഇഷ്ടമാണെങ്കില്‍ ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കി അവളെ മികച്ചൊരു കായികതാരമാക്കുമെന്നും ആബിദ ഏഷ്യന്‍ ഗെയിംസിന്റെ മാതാവ് വേര വ്യക്തമാക്കി. ബാഡ്മിന്റണില്‍ ഇന്‍ഡോനേഷ്യക്കാര്‍ പുലര്‍ത്തുന്ന മികവും ചെറുതല്ല.

വലുതാകുമ്പോള്‍ ആബിദയ്ക്ക് തന്റെ പേര് ഇഷ്ടമായില്ലെങ്കില്‍ മാറ്റാനും മാതാപിതാക്കള്‍ തയാറാണ്. ആബിദയെക്കൂടാതെ രണ്ട് മക്കള്‍ക്കൂടി യോര്‍ദാനിയ ഡെന്നി- വേര ദമ്പതികള്‍ക്കുണ്ട്.