ഇന്ത്യയ്‌ക്കെതിരെ നാലാം ടെസ്റ്റ്; വോക്‌സിന്റെ പരിക്കില്‍ പതറി ഇംഗ്ലണ്ട്

August 29, 2018

ഇന്ത്യയ്ക്ക് എതിരെ നാലാം ടെസ്റ്റിന് ഒരുങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പേസ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനുണ്ടായ പരിക്ക് ടീമിന് തലവേദനയാകുന്നു. നാലാം ടെസ്റ്റില്‍ ക്രിസ് വോക്‌സ് കളിച്ചേക്കില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ് വോക്‌സിന്റെ വലത്തുകാല്‍ തുടയ്ക്ക് സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്. താരം ഇതുവരെയും പരിശീലനത്തിന് ഇറങ്ങിയിട്ടുമില്ല. ക്രിസ് വോക്‌സിനുണ്ടായ പരിക്ക് കുറഞ്ഞ ഓവറിലുള്ള മത്സരങ്ങളില്‍ പോലും ഇംഗ്ലണ്ടിനെ കാര്യമായിതന്നെ ബാധിച്ചു.

ഓഗസ്റ്റ് 30 മുതലാണ് ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ നാലാം ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. സതാംപ്റ്റണിലാണ് ടെസ്റ്റ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. എന്നാല്‍ വോക്‌സിന്റെ പരിക്ക് ഇംഗ്ലണ്ടിന്റെ പ്രകടനത്തെ കാര്യമായിതന്നെ ബാധിക്കും. ലോഡ്‌സില്‍വെച്ചുനടന്ന രണ്ടാം ടെസ്റ്റില്‍ ക്രിസ് വോക്‌സ് കാഴ്ചവെച്ചത് മിന്നും പ്രകടനമായിരുന്നു. ടെസ്റ്റില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം 137 റണ്‍സും മത്സരത്തിലെടുത്തു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വോക്‌സ് നേടിയിരുന്നു.

എന്നാല്‍ വോക്‌സിനുണ്ടായ സാരമായ പരിക്കില്‍ ആശങ്കയിലായിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ക്രിസ് വോക്‌സിനു പകരമായി മറ്റൊരു താരത്തെയും ടീമില്‍ എടുക്കുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. നിലവിലെ സാഹചര്യം അനുസരിച്ച് വോക്‌സിന് നാലാം ടെസ്റ്റ് കളിക്കാനാകാതിരുന്നാല്‍ സാം കുരാന് അവസരം നല്‍കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രവും തള്ളിക്കളയാനാവില്ല. ആദ്യ രണ്ട് ടെസ്റ്റുകളില്‍ തിളങ്ങിയ താരമാണ് സാം കുരാന്‍. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സാം കുരാന്‍ കളിച്ചിരുന്നില്ല.