ദുരിതാശ്വാസ ക്യാമ്പുകളില്‍ അവരെത്തി; അതിജീവനത്തിന്റെ പാട്ടുമായി

August 28, 2018

അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു മലയാളികള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ നിത്യസന്ദര്‍ശകരാണ് സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ഗയകരുമെല്ലാം. പ്രതീക്ഷയുടെ പാട്ടുകളുമായി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമ’വും കലാസ്‌നേഹികളുടെ സംഘടനയായ ‘കല’യും സന്ദര്‍ശിച്ചു. ഗായകരായ രാജലക്ഷമി, സയനോര ഫിലിപ്പ്, പ്രീത, രവി ശങ്കര്‍, അന്‍വര്‍ സാദത്ത്, സരിത രാജീവ്, പുഷ്പവതി തുടങ്ങിയവരടങ്ങുന്ന സംഘമാണ് ക്യാമ്പുകളിലെത്തിയത്. ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഇവര്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

ഏത് പ്രളയത്തെയും നമ്മള്‍ അതിജീവിക്കും എന്ന വലിയ സന്ദേശമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ പകര്‍ന്നത്. ആലപ്പുഴ തുമ്പോളി, പൂങ്കാവ്, കാണിച്ചുകുളങ്ങര, കലവൂര്‍ എന്നിങ്ങനെ ജില്ലയിലെ അഞ്ച് ക്യാമ്പുകളിലും സംഘം സന്ദര്‍ശനം നടത്തി. വിവിധ ക്യാമ്പുകളില്‍ അവതരിപ്പിച്ച പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നമ്മള്‍ അതിജീവിക്കും എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പിലുള്ളവര്‍ക്കൊപ്പം ചിത്ര ഓണപ്പാട്ടുകളും പാടി.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനുപുറമെ നിരവധി ഗായകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. കൂടാതെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, ഗായിക സയനോര എന്നിവരടക്കം നിരവധി പേരാണ് സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്.