അമ്മ വിളിച്ചിട്ടും പൊലീസുമാമന്‍റെ കൈയില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ കുഞ്ഞാവ… ദുരിതാശ്വസ ക്യാമ്പിലെ ഒരു സ്‌നേഹക്കാഴ്ച

August 16, 2019

സംസ്ഥനത്ത് നാശംവിതച്ച മഴക്കെടുതിയില്‍ നിരവധിയാളുകളാണ് ദുരിതം അനുഭവിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ മഴക്കെടുതിയിലെ ദുരിതക്കാഴ്ചകള്‍ നിറയുമ്പോള്‍ അവയ്ക്കിടയില്‍ വിത്യസ്തമാവുകയാണ് ദുരിതാസ്വാസ ക്യാമ്പിലെ ഒരു സ്‌നേഹക്കാഴ്ച. അമ്മ വിളിച്ചിട്ടും കൂടെ പോകാന്‍ കൂട്ടാക്കാത്ത ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ‘സുരക്ഷയുടെ കരങ്ങളായ്…. കേരളാ പെലീസ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

നിരവധി ആളുകള്‍ പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അനവധി പേര്‍ ഈ വീഡിയോയ്ക്ക് മനോഹരങ്ങളായ കമന്റുകളും നല്‍കുന്നുണ്ട്. കുറച്ചുദിവസങ്ങളായി മഴക്കെടുതിയുടെ നെഞ്ചുപൊള്ളിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടുന്നത്. എന്നാല്‍ ദുരിതക്കയത്തില്‍ നിന്നും അതിജീവനം സ്വപ്നംകാണാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നുണ്ട് ചില വാര്‍ത്തകളും വീഡിയോകളുമൊക്കെ. പൊലീസുകാരന്‍റെ കൈയില്‍ സുരക്ഷിതത്വത്തോടെ ഇരിക്കുന്ന ഈ കുഞ്ഞുവാവയും നല്‍കുന്ന അതിജീവന സ്വപ്നങ്ങള്‍ ചെറുതല്ല.