ടേക്ക് ഓഫിന് 15 മിനിറ്റുകൾ; വയോധികയുടെ കാണാതായ ഭർത്താവിനെ കണ്ടെത്തി എയർപോർട്ട് അധികൃതർ!

February 9, 2024

കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ മുതൽ സന്തോഷകരമായ ഒത്തുചേരലുകൾ വരെ ഹൃദയസ്പർശിയായ രംഗങ്ങൾക്ക് സാക്ഷിയാകുന്ന ഇടമാണ് വിമാനത്താവളങ്ങൾ. വിമാനത്താവളങ്ങളിൽ തന്നെ പേരുകേട്ടതാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന, വളരെ കാര്യക്ഷമമായ ഒരു കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ദുബായ് എയർപോർട്ടിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. (Airport Staff reunite elderly couple 15 minutes before take off)

തൻ്റെ അടുക്കൽ സഹായത്തിനായി എത്തിയ ഒരു വൃദ്ധയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ അനുഭവം പങ്കിടുന്ന എയർപോർട്ട് ജീവനക്കാരന്റെ വിഡിയോയാണ് DXB എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ തിരിക്കുള്ളൊരു ദിവസമായിരുന്നു അത്. കരഞ്ഞുകൊണ്ട് ഒരു യാത്രക്കാരി തൻ്റെ അടുത്തേക്ക് വന്നതായി ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ മുഹമ്മദ് സൊഹ്‌റാബി പറഞ്ഞു.

സിഡ്‌നിയിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പറക്കുന്ന ദമ്പതികൾ ദുബായി വഴി പോകുകയായിരുന്നു. അവരുടെ ഫ്ലൈറ്റ് പുറപ്പെടാൻ 45 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാഴായെന്ന് വയോധിക പറയുന്നത്. അദ്ദേഹവുമായി ആശയവിനിമയം നടത്താൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.

ഉടൻ തന്നെ, ഡ്യൂട്ടി ഓഫീസർ ഉടൻ സ്ത്രീയുടെ ഭർത്താവിൻ്റെ ഫോട്ടോ എടുത്ത് സഹപ്രവർത്തകർക്കിടയിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തെ കണ്ടെത്താൻ അയാൾ മറ്റുള്ളവരോട് ആവശ്യപ്പെട്ടു. ഒടുവിൽ ഭാഗ്യവശാൽ വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ്, ആളെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

അവർ പോകേണ്ടിയിരുന്ന വിമാനത്തിൽ തന്നെ ദമ്പതികൾക്ക് തിരിച്ച് പോകാൻ കഴിഞ്ഞു. അവർ അതീവ സന്തുഷ്ടരായിരുന്നെന്നും കഴിഞ്ഞ 35 വർഷങ്ങളായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സൊഹ്‌റാബി പറയുന്നു.

Read also: പരീക്ഷയ്ക്ക് മുൻപ് മറ്റൊരു ‘പരീക്ഷണം’; ആശങ്കയുടെ മണിക്കൂറി‍ൽ ദിയയ്ക്ക് പൊലീസിന്റെ ‌സ്നേഹക്കരുതൽ..!

“ആതിഥ്യമര്യാദ എന്നാൽ നമ്മുടെ വീട്ടിലുള്ളവരെ സേവിക്കുന്നതുപോലെ അതിഥികളെ സേവിക്കുക എന്നതാണ്. 90 വയസ്സിന് മുകളിലുള്ള എൻ്റെ മുത്തശ്ശിയിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്. ആതിഥ്യമര്യാദയുടെ കാര്യത്തിലും മറ്റുള്ളവരെ സഹായിക്കുന്നതിലും അവർ എൻ്റെ റോൾ മോഡലാണ്”, സൊഹ്‌റാബി പറയുന്നു.

Story highlights: Airport Staff reunite elderly couple 15 minutes before take off