വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ വീണ്ടും ജയസൂര്യ…

കഥപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ എന്നും വ്യത്യസ്ഥത പുലർത്തുന്ന നായകനാണ് മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യ. ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ വളർച്ച എന്നും സിനിമ ലോകത്തുള്ളവർക്ക് അത്ഭുതമായിരുന്നു.. ‘ലൂക്കാച്ചിപ്പി’, ‘സു സു സുധി വാത്മീകം’, ‘പുണ്യാളൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റേതായി അവസാനമിറങ്ങിയ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ഇടം നേടിയ താരം മലയാള സിനിമ ചരിത്രത്തിൽ അത്ഭുതം സൃഷ്ടിക്കാൻ വീണ്ടും എത്തുകയാണ്..

നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ നിർമ്മിച്ച വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. റെജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഫിലിപ്സ് ആൻറ് ദി  മങ്കിപെൻ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒരുമിച്ച് കൂടുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ‘ഹോം’ എന്ന്  പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന കുടുംബചിത്രമാണ്.

രാഹുൽ സുബ്രഹ്മണ്യം സംഗീതം നിർവഹിക്കുന്ന ഹോമിൽ നീല്‍ ഡി കുന്‍ഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മഞ്ജു വാര്യറെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ‘ജോ ആൻറ് ദി ബോയ്’ എന്ന ചിത്രത്തിന് ശേഷം റോജിൻ സംവിധായക വേഷത്തിലെത്തുന്ന ചിത്രത്തിൽ അച്ഛന്റെയും മകന്റെയും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.