ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം ഇനി ടിട്വന്റിയില്‍ കളിക്കാനില്ല

August 24, 2018

ടിട്വന്റിയില്‍ ഉന്നം തെറ്റാതെ വിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ പേസ് ബൗളര്‍ ജുലാന്‍ ഗോസ്വാമിയുടെ സാന്നിധ്യം ഇനിയില്ല. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ ഇതിഹാസതാരങ്ങളിലൊന്നായ ജുലാന്‍ ഗോസ്വാമി ടിട്വന്റിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ബി സി സി ഐ പത്രക്കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

68 ടിട്വന്റി മത്സരങ്ങളിലാണ് ജുലാന്‍ ഗോസ്വാമി ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത്. ടിട്വന്റി കളിക്കളത്തില്‍ നേടിയത് 56 വിക്കറ്റുകളും. ക്രിക്കറ്റ് പ്രേമികള്‍ക്ക് വിസ്മരിക്കാനാകാത്ത ചില നേട്ടങ്ങളും ഉണ്ട് ജുലാന്‍ ഗോസ്വാമിയുടെ പട്ടികയില്‍. 2012 ല്‍ ഓസിസിനെതിരേ അഞ്ച് വിക്കറ്റെടുത്ത പ്രകടനമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന ബഹുമതിയും ജുലാന്‍ ഗോസ്വാമിക്ക് സ്വന്തം. 2017 ല്‍ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെ എടുത്തു പറയേണ്ട സാന്നിധ്യവുമായിരുന്നു ജുലാന്‍. 169 ഏകദിനങ്ങളും 10 ടെസ്റ്റുകളും ഇന്ത്യയ്ക്കായി ജുലാന്‍ ഇതിനോടകം കളിച്ചിട്ടുണ്ട്.

ഐ സി സിയുടെ വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ജുലാന്‍ ഗോസ്വാമി. 2007 ലായിരുന്നു ജുലാനെത്തേടി ഈ പുരസ്‌കാരം എത്തിയത്. 2010 ല്‍ അര്‍ജുന അവാര്‍ഡും ജുലാന് ലഭിച്ചു. ഡയാന എഡുല്‍ജിക്കു ശേഷം അര്‍ജുന അവാര്‍ഡ് നേടുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരവും ജുലാനായിരുന്നു. 2012 ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ജുലാനെ ആദരിച്ചു.

2002 ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മാച്ചില്‍ മിതാലി രാജ് റെക്കോര്‍ഡ് പ്രകടനം നടത്തിയപ്പോള്‍ ഒപ്പം ക്രീസിലുണ്ടായിരുന്നതും ജുലാന്‍ തന്നെ. ആ മത്സരത്തില്‍ 214 റണ്‍സെടുത്ത് മിതാലി ചരിത്രത്തില്‍ ഇടം നേടി. ഇതേ ഇന്നിങ്‌സില്‍ 62 റണ്‍സെടുത്ത് ജുലാനും മിതാലിയെ പിന്തുണച്ച് ക്രീസില്‍ തിളങ്ങി.

ടിട്വന്റിയില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാനാണ് ജുലാന്റെ തീരുമാനം. തനിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കിയ ബി സി സി ഐക്കും ടീമംഗങ്ങള്‍ക്കും ജുലാന്‍ നന്ദി പറഞ്ഞു. ടിട്വന്റിക്ക് നല്ലൊരു ഭാവി ആശംസിക്കുകയും ചെയ്തു.