കേള്‍ക്കാതെ പോകരുത് ‘അതിജീവനത്തിന് തുണയൊരുക്കിയ’ ഈ ഗാനം

August 27, 2018

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും.

പ്രളയക്കെടുതിയെയും അതിജീവനത്തേയും ഒരുപോലെ ഓര്‍മ്മപ്പെടുത്തുന്ന ‘പുഴയോട് മഴ ചേര്‍ന്ന്…’ എന്നു തുടങ്ങുന്ന ഗാനം ദയാ ബിജിപാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതം ചെയ്തു. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍.

ഇതുവരെ കാണാത്ത പ്രളയക്കെടുതിക്കായിരുന്നു കേരളം സാക്ഷിയായത്. അതിജീവനത്തിനുവേണ്ടി കൈ-മെയ്യ് മറന്ന് പ്രയ്തനിക്കുകയാണ് മലയാളികള്‍. അതിജീവനത്തിനായി തുണയൊരുക്കാം എന്ന വലിയ ആഹ്വാനമാണ് ബിജിബാലിന്റെ പാട്ട് ആസ്വാദകര്‍ക്ക് നല്‍കുന്നത്. ബിജിബാലിന്റെ തന്നെ ബോധി സൈലന്റ് സ്‌കൈപ്പാണ് ഗാനം നിര്‍മ്മിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഗാനം ഗാനത്തിന്റെ അവസാനം.

2007 ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംസിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ സംഗീതം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബിജിബാലിന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തില്‍ ‘പാലേറും നാടായ…’ എന്നു തുടങ്ങുന്ന ഗാനവും ബിജിബാല്‍ ആലപിച്ചിട്ടുണ്ട്. 2008 ല്‍ മികച്ച സംഗീത സംവിധായകനുള്ള മുല്ലശ്ശേരി പുരസ്‌കാരവും ബിജിബാലിനെ തേടിയെത്തി.

പരേതയായ ശാന്തിയാണ് ബിജിബാലിന്റെ ഭാര്യ. അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി. ദേവദത്ത്, ദയ എന്നീ രണ്ട് മക്കളാണ് ബിജിബാല്‍- ശാന്തി ദമ്പതികള്‍ക്ക്. യൂട്യൂബില്‍ തരംഗമായി മാറിയ ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ…’ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിരിക്കുന്നത് ദയ ബിജിബാലാണ്.