“എന്റെ കേരളം എത്ര സങ്കടം…” പ്രളയ കേരളത്തെക്കുറിച്ചുള്ള ഉഷാ ഉതുപ്പിന്റെ ഗാനം കാണാം

പ്രളയക്കെടുതില്‍ മങ്ങിപ്പോയ ശോഭ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. അതിജീവനത്തിനായ് പൊരുതുന്ന കേരളത്തിന് തുണയൊരുക്കുന്നവര്‍ നിരവധിയാണ്. കായികരംഗവും സിനിമാരംഗവും രാഷ്ട്രീയ രംഗവുമെല്ലാം കേരളത്തിന്റെ പുനര്‍ജനിക്കായി കൈകോര്‍ക്കുന്നു. മഹാപ്രളയം കവര്‍ന്ന കേരളത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണ് ഗായിക ഉഷാ ഉതുപ്പും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോടുള്ള ആദരസൂചകമായി ഉഷാ ഉതുപ്പ് പാടി “എന്റെ കേരളം…എത്ര സങ്കടം…”

ആരോഗ്യപൂര്‍ണ്ണമായ കേരളത്തിന്റെ നല്ല നാളേയ്ക്കായി ഒരു പ്രാര്‍ത്ഥന എന്ന കുറിപ്പോടുകൂടിയാണ് ഉഷ ഉതുപ്പ് തന്റെ ഗാനം പോസ്റ്റ് ചെയ്തത്. “എന്റെ കേരളം… എത്ര സുന്ദരം” എന്ന ഉഷാ ഉതുപ്പിന്റെതന്നെ വരികള്‍ മാറ്റിയാണ് പുതിയ പാട്ട് പാടിയിരിക്കുന്നത്. പ്രളയം ഉലച്ച കേരളത്തിന്റെ ഇപ്പോഴത്തെ ആവസ്ഥകള്‍ പ്രതിഫലിക്കുന്നുണ്ട് ഓരോ ഉഷാ ഉതുപ്പിന്റെ ഓരോ വരികളിലും. പ്രളയം നടുക്കിയ കേരളത്തിന്റെ ചിത്രങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയതാളം എന്നാണ് ഗനത്തിന്റെ പേര്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് സുമിത് രാമചന്ദ്രനാണ് പുനരാവിഷ്‌കരണം നല്‍കിയത്. ഇത്തരമൊരു പാട്ട് കേരളത്തിനായി പാടാനിടയായ സാഹചര്യത്തെക്കുറിച്ചും ഉഷാ ഉതുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

“ഒരു പ്രഭാതത്തില്‍ കേരളത്തെക്കുറിച്ചോര്‍ത്ത് വല്ലാത്ത വിഷമം തോന്നി. ദൂരെ ഇരുന്ന് കേരളത്തിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് മകള്‍ അഞ്ജലിയോട് ചോദിച്ചു. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് എന്റെ കേരളം എത്ര സുന്ദരം എന്ന വരികള്‍ മാറ്റി പാടാന്‍ മകളാണ് നിര്‍ദ്ദേശിച്ചത്. ചിറ്റൂര്‍ ഗോപിയുടെ സാഹായവും തേടി. ഇങ്ങനെയാണ് ഈ ഗാനം പിറന്നത്. കേരളത്തോടുള്ള ആദരസൂചകമായി ഈ ഗാനം ഞാന്‍ സമര്‍പ്പിക്കുന്നുവെന്നും ഉഷാ ഉതുപ്പ് കുറിച്ചു.

ബംഗാള്‍ സ്വദേശികളായ രണ്ട് പേരാണ് പ്രളയതാളം എന്ന ഗാനം എഡിറ്റ് ചെയ്തത്. ഗാനത്തിന്റെ അണിയറയില്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും ഉഷാ ഉതുപ്പ് നന്ദിയും അഭിനന്ദനവും അറിയിച്ചു. ഉഷാ ഉതുപ്പിന്റെ എന്റെ കേരളം എത്ര സുന്ദരം എന്നു തുടങ്ങുന്ന ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റിയിരുന്നു. മലയാള ഗാനങ്ങള്‍ പാടാന്‍ ഉഷാ ഉതുപ്പിനുള്ള താല്‍പര്യവും വലുതാണ്. കോട്ടയം സ്വദേശി ജാനി ഉതുപ്പാണ് ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ്. പ്രളയതാളത്തിന് സംഗീതം നല്‍കിയതും ഉഷാ ഉതുപ്പ് തന്നെയാണ്.