ഈ പ്രളയ കാലത്ത് സ്വാതന്ത്ര്യം നേടിയ സാനിറ്ററി നാപ്കിനുകൾ..

ആളുകൾ എന്നും മറച്ചു വയ്ക്കപ്പെടാൻ ആവശ്യപ്പെട്ടിരുന്ന  ഒന്നായിരുന്നു സാനിറ്ററി നാപ്കിനുകൾ. എന്നാൽ ഈ പ്രളയ കാലത്ത് സ്വാതന്ത്ര്യം നേടിയിരിക്കുകയാണ് ഈ സാനിറ്ററി നാപ്കിനുകൾ.  മറച്ചു വയ്ക്കെപെടേണ്ടിയിരുന്നതെന്ന് ആളുകൾ തെറ്റിദ്ധരിച്ചിരുന്ന പാഡുകൾ  ഈ പ്രളയകാലത്തോടെ മറ്റ് അവശ്യവസ്തുക്കൾക്കൊപ്പം ആളുകൾ പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. പാഡുകളെപ്പറ്റി പബ്ലിക്ക് ആയി പറയാനും കടകളിൽ നിന്നും വാങ്ങുവാനും സ്ത്രീകൾ നേരിട്ടിരുന്ന ബുദ്ധിമുട്ടും, ആൺ കുട്ടികളിൽ ഉണ്ടായിരുന്ന തൊട്ടുകൂടായ്മയുമെല്ലാം ഈ വെള്ളപൊക്കത്തോടെ നമുക്കിടയിൽ നിന്നും ഒലിച്ചുപോയിരിക്കുകയാണ്.

ദുഃഖങ്ങൾ മാത്രം സമ്മാനിച്ച പ്രളയ കാലത്തുനിന്നും സ്വാതന്ത്ര്യം നേടിയെടുത്ത  ഈ വസ്തു ഇപ്പോൾ സ്ത്രീ പുരുഷ വിത്യാസമില്ലാതെ വേദികളിൽ ഉറക്കെ പറയാൻ പറ്റുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഈ അടുത്തിടെ ഇറങ്ങിയ രേഷ്മ എന്ന പെൺകുട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു.

വൈറലായ രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം..

ഈ വെള്ളപ്പൊക്കത്തിൽ സ്വാതന്ത്ര്യം ലഭിച്ച ഒരു വസ്തു…. സാനിറ്ററി പാഡുകൾ….!! അവയെ പറ്റി പബ്ലിക് ആയി സംസാരിക്കുവാനും, കൈകാര്യം ചെയ്യുവാനും സ്ത്രീ സമൂഹം നേരിട്ടിരുന്ന ബുദ്ധിമുട്ട്‌, ആൺകുട്ടികൾക്ക് ഇടയിൽ ഉണ്ടായിരുന്ന തൊട്ടു കൂടായ്മ…എല്ലാം ഒലിച്ചു പോയി നമ്മുടെ ഇടയിൽ നിന്നും !!!!

ഇത്രയും നാളും അമ്മമാരും സഹോദരിമാരും അവ വീട്ടിലെ ആൺകുട്ടികളെ കാട്ടാതെ ഒളിച്ചു മാത്രം വെച്ചു. കവറിൽ ഇട്ടല്ലാതെ പുറം ലോകം കാട്ടിയുമില്ല. അവജ്ഞയോടെ,അല്ലെങ്കിൽ അജ്ഞതയോടെ മാത്രം അവയെ പറ്റി നല്ല ഒരു ശതമാനം ആൺകുട്ടികളും സംസാരിച്ചു. മോശപ്പെട്ട എന്തോ ഒന്നായി പലരും കണക്കാക്കി. പക്ഷെ ഇന്ന് അവർ നമ്മുടെ സ്ത്രീകൾക്കായി അവ സമാഹരിക്കുന്നു , ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കുന്നു…അഭിമാനത്തോടെ!! ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിച്ച ഒരു ആൺകുട്ടി പോലും ഇനി ഒരു പെണ്ണ്‌ പാഡ് വാങ്ങുമ്പോൾ വഷളൻ നോട്ടമെറിയില്ല..അയ്യോ അവരെന്തു വിചാരിക്കുമെന്നു ഒരു പെണ്ണിനും നാണക്കേടും തോന്നില്ല. അമ്പതു പൈസ കവറുകളുടെ മറ ഇല്ലാതെ അവ നമുക്കിനി കടകളിൽ നിന്നും വാങ്ങാം. പെണ്ണിന്റെ ആരോഗ്യ സംബന്ധമായ അവശ്യ വസ്തുക്കളിൽ ഒന്നു മാത്രം ആണ് പാഡ് എന്ന് നമ്മുടെ പിള്ളേർ മനസിലാക്കി കഴിഞ്ഞു. ആർത്തവത്തെ പറ്റിയും പാഡിനെ പറ്റിയും ഇനി മോശമായി ചിന്തിക്കാൻ അവർക്കു ആകില്ല… Whisper,stayfree തുടങ്ങിയവയുടെ പരസ്യങ്ങൾ TV സ്‌ക്രീനിൽ കാണുമ്പോൾ ഒരു ടെൻഷനും കുടുംബ സദസ്സുകളിൽ ഇനി ഉണ്ടാകില്ല.. ഒരു ബോധവൽക്കരണ ക്യാമ്പയ്‌നും ഇനി സോഷ്യൽ മീഡിയയിൽ ആവശ്യവുമില്ല. വർഷങ്ങളായി നിലനിന്നു പോന്ന ഒരു taboo അങ്ങനെ ഇല്ലാണ്ടായി!!!!